2011 ജൂലൈ 8, വെള്ളിയാഴ്‌ച

ഇഖ്ബാലിനെ കണ്ടെത്തല്‍

ഇഖ്ബാലിനെ കണ്ടെത്തല്‍
ഇസ്ലാമിന്റെ വിശുദ്ധി വീണ്ടെടുക്കാന്‍ നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പൌരോഹിത്യത്തോടും അഴുകിയ പാരമ്പര്യത്തോടും നടത്തിയ പോരാട്ടം കേരളീയ ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. ഈ ശ്രമത്തിനിടയില്‍ തങ്ങളുടെ ജീവിതത്തെ സുദൃഢമായ അച്ചടക്കത്തില്‍ നിബന്ധിച്ചു നിറുത്താനും പുതിയ ആശയ പ്രപഞ്ചങ്ങള്‍ വായനക്കാര്‍ക്ക് കാഴ്ചവെക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത്തരം ഒട്ടേറെ ഗുണാത്മകതകള്‍ അതിനുണ്ടായിരുന്നെങ്കിലും അവര്‍ മറന്നുപോയ ഒന്നായിരുന്നു കലാസാഹിത്യങ്ങളുടെ പ്രോത്സാഹനവും സൌന്ദര്യ-സര്‍ഗാത്മക ശക്തികളുടെ പോഷണവും.


കവിതാ രംഗത്ത് അല്ലാമാ ഇഖ്ബാല്‍, മൌലാനാ റൂമി, ലബീബ് മുതലായവരുടെയും ആഖ്യാനരംഗത്ത് അമീര്‍ ഹംസ, തുര്‍ക്കിസ്താനിലെ രാവുകള്‍ മുതലായവ നോവലുകളുടെയും സംഗീതത്തില്‍ ഗസല്‍, ഖവാലി, ഹിന്ദുസ്ഥാനി മുതലായ പാരമ്പര്യങ്ങളുടെയും വലിയൊരു പശ്ചാത്തലം ഇസ്ലാമിക സംസ്കാരത്തിനുണ്ടായിരുന്നെങ്കിലും, അതിന്റെ ഊര്‍ജം നവോത്ഥാനത്തിലേക്ക് വേണ്ടവിധം കണ്ണിചേര്‍ക്കാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല (അംഗീകൃത എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജനത്തിനും കെ. സരസ്വതിയമ്മക്കും മുമ്പേ ഹലീമാബീവി എന്ന കവയിത്രി കേരളത്തില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കുക).

ഇതൊരു പക്ഷേ, പാരമ്പര്യ പ്രസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിലേക്ക് തങ്ങളുടെ മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കേണ്ടി വന്നതിനാലാകാം. അല്ലെങ്കില്‍ കലാ-സാഹിത്യങ്ങളുടെ അദമ്യമായ സ്വാതന്ത്യ്രവാഞ്ഛകള്‍ തങ്ങളുടെ സുദൃഢമായ അച്ചടക്കത്തെ ബാധിക്കും എന്നതു കൊണ്ടുമായിരിക്കാം. എന്തായാലും ഇത്തരം സര്‍ഗശോഷണങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഉപരിതലത്തില്‍ മാത്രമായിരുന്നെന്നും അതിന്റെ ആന്തരികതയില്‍ സൌന്ദര്യബോധവും ഹര്‍ഷോന്മാദങ്ങളും തങ്ങിനിന്നിരുന്നു എന്നും തെളിയിക്കുന്നതാണ് കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതില്‍ പ്രധാന പങ്കുവഹിച്ച ടി.കെ അബ്ദുല്ല രചിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്‍' എന്ന പ്രൌഢഗ്രന്ഥം.

ഉത്തരാധുനിക സിദ്ധാന്തങ്ങളില്‍ എഴുത്തുകാരന്‍ തന്റെ കൃതിക്കൊപ്പം മരിച്ചുപോയവനും(റോളന്‍ ബാര്‍ത്ത്) വായനക്കാരന്‍ സ്രഷ്ടാവുമാണ്. ഈ സിദ്ധാന്ത പ്രകാരം ഇഖ്ബാലിനെക്കുറിച്ചുള്ള ഈ പുസ്തകമെഴുതുമ്പോള്‍ ഇഖ്ബാലിന്റെ സര്‍ഗാത്മകതയല്ല ടി.കെ അബ്ദുല്ല കണ്ടെടുക്കുന്നത്, സ്വന്തം സര്‍ഗാത്മകതയെ തന്നെയാണ്.

ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു: 'ഇഖ്ബാല്‍ ഒരു കരകാണാ കടലാണ്. അതിന്റെ ആഴവും പരപ്പും അളന്നു തിട്ടപ്പെടുത്തുക പ്രയാസം. കടല്‍ എന്താണെന്ന് ഈ കൃതിയിലുണ്ട്. കടലില്‍ എന്തെല്ലാമാണെന്ന് എണ്ണിതീര്‍ക്കുന്നില്ല.'

'വാഗ്മിത്വം' എന്ന വാക്കിന് കുറച്ചു വാക്കുകളിലൂടെ കൂടുതല്‍ ആശയങ്ങളെ പ്രകാശിപ്പിക്കുക എന്നാണല്ലോ അര്‍ഥം. ഒരു ഉപ്പുതരിയില്‍നിന്ന് സമുദ്രത്തെ രുചിച്ചറിയുന്നതു പോലെ തന്റെ രണ്ടു ചെറുപ്രസംഗങ്ങള്‍ വികസിപ്പിച്ചെടുത്ത് തയാറാക്കിയ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ഇഖ്ബാലിന്റെ സാകല്യത്തെ സംക്ഷേപാര്‍ഥത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇഖ്ബാലിനെക്കുറിച്ച് 'കോഴിക്കോട് ഇഖ്ബാല്‍ ട്രസ്റ്' പ്രസിദ്ധീകരിച്ച അബ്ദുസ്സമദ് സമദാനിയുടെ ഉള്‍പ്പെടെ ഏതാണ്ട് രണ്ടു ഡസനോളം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയിലുണ്ട്. പക്ഷേ, ഈ പുസ്തകങ്ങളില്‍ കാണുന്ന വിവരണാത്മക ശൈലിയില്‍നിന്ന് വ്യത്യസ്തമായി ഇഖ്ബാലിന്റെ തത്ത്വശാസ്ത്രത്തെയും കവിതയെയും തന്റെ മൂര്‍ച്ചയേറിയ ധിഷണയാല്‍ ഉദ്ഗ്രഥിച്ചെടുക്കാനാണ് ഇക്ബാലിനെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ശ്രമിക്കുന്നത്.

ഇഖ്ബാല്‍ വാസ്തവത്തില്‍ കേവലം ഒരു വ്യക്തിയായിരുന്നില്ല. ഒരു മഹാപ്രസ്ഥാനം തന്നെയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിന്റെ ദശാസന്ധിയില്‍ സംഭവിച്ച ഒരു അസാധാരണ പ്രതിഭാസം. കവിതയില്‍ അദ്ദേഹം ജഡിലമായിപ്പോയ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരവും ഇടിമിന്നലിന്റെ വൈദ്യുതാഘാതവും ഉളവാക്കി. തത്ത്വചിന്തയില്‍ ഖുര്‍ആന്‍ വെളിവാക്കുന്ന മനുഷ്യന്റെ അതുല്യത (ഖലീലുല്ലാഹി) എന്ന പരികല്‍പനയെ പൂര്‍ണ മനുഷ്യന്‍ (അല്‍ ഇന്‍സാന്‍- അല്‍ കാമില്‍) എന്ന ദര്‍ശനത്തിലേക്ക് വികസിപ്പിച്ചു. സമുദായ ക്ഷേമത്തില്‍ സങ്കുചിത ദേശീയത എന്ന സങ്കല്‍പത്തെ എതിര്‍ത്ത് മതസത്വങ്ങള്‍ക്ക് പോറലേല്‍ക്കാത്ത 'ഫെഡറല്‍ അവിഭക്ത ഇന്ത്യ'ക്കായി വാദിച്ചു. പ്രഭാഷകന്‍ എന്ന നിലയില്‍ ജനങ്ങളെ ആവേശഭരിതനാക്കി. വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ അപകര്‍ഷത തീണ്ടാത്ത സ്വതന്ത്ര ചിന്തകള്‍ക്ക് തിരികൊളുത്തി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമവായത്തെ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. വിശ്വാസി എന്ന നിലയില്‍ അല്ലാഹുവിന്റെ ഉറ്റ തോഴനാവുകയും തൌഹീദിന് തന്റെ കലാചാതുരിയാല്‍ അപാര സൌന്ദര്യമേകുകയും ചെയ്തു.

എന്നാല്‍, ഈ ലേഖകനെ ഇഖ്ബാലിലേക്ക് ആകര്‍ഷിക്കുന്നത് 'ആധുനികത'യോട് തന്റെ ഇസ്ലാമിക വിശ്വാസവുമായി അദ്ദേഹം നടത്തിയ സംവാദമാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലുണ്ടായ മതപരിഷ്കര്‍ത്താക്കളും സമുദായോദ്ധാരകരും ഇസ്ലാമിക ഭൂതകാലത്തിന്റെ പുനരുത്ഥാനമാണ് (Revivalisam) നടത്തിയതെങ്കില്‍, ഇഖ്ബാല്‍ ഈ ഫുഖഹാക്കളില്‍നിന്നും വ്യത്യസ്തമായി, ഐന്‍സ്റീന്റെ പ്രപഞ്ച വികസന സിദ്ധാന്തത്തിലൂടെയും പുതിയ നരവംശശാസ്ത്ര പഠനങ്ങളിലൂടെയും ഫെഡറിക് നീത്ഷേയുടെ അതിമാനുഷിക (super man) സങ്കല്‍പത്തിലൂടെയും ഇസ്ലാമിനെ പുതിയതായി വായിച്ചെടുക്കുകയായിരുന്നു.

തന്റെ ദര്‍ശനത്തിന്റെ വേരുകള്‍ ഇസ്ലാമിക മിസ്റിസത്തില്‍ തന്നെയാണ് (സൂഫിസം) അദ്ദേഹം കണ്ടെത്തുന്നതെങ്കിലും സൂഫികള്‍ക്ക് സഹജമായ ചരിത്ര നിഷേധത്തെയും വ്യക്തിയിലേക്കുള്ള ഉള്‍വലിവിനെയും അദ്ദേഹം എതിര്‍ത്തു. അബ്ബാസി ഖിലാഫത്തിന് നേരെയുണ്ടായ കുപ്രസിദ്ധമായ ബഗ്ദാദ് ആക്രമണത്തിനുശേഷം ഇസ്ലാമില്‍ തത്ത്വാന്വേഷണങ്ങളും സ്വതന്ത്ര ചിന്തകളും നിശ്ചലമാകുകയും കര്‍മ സിദ്ധാന്തങ്ങളുടെയും (ഫിഖ്ഹ്) നിയമാവലികളുടെയും (ശരീഅത്ത്) വളര്‍ച്ച ത്വരിതഗതിയിലാവുകയും ചെയ്തു. ദൈവിക മതം പലപ്പോഴും കാര്‍ക്കശ്യത്തിന്റെ രൂപത്തിലേക്ക് ഉള്‍വലിഞ്ഞു. അശ്അരി, അല്‍ഗസ്സാലി, ഇബ്നു തൈമിയ മുതലായ സൈദ്ധാന്തികരിലൂടെ ശിലീകൃതമായ ഇസ്ലാമിക പാരമ്പര്യ ധാരയെ പുതിയ ലോകമാറ്റങ്ങളുടെ ചലനാത്മകതയിലേക്ക് കടത്തിവിടുകയാണ് ഇഖ്ബാല്‍ ചെയ്തത്. തഖ്ലീദില്‍ ആമഗ്നമായ സമൂഹത്തിന്റെ ആലസ്യത്തിനും അപകര്‍ഷത്തിനും ഭയപ്പാടിനും പകരം ഖുര്‍ആനില്‍ നിന്നുതന്നെ മനുഷ്യന്റെ അതുല്യതയെയും ഇഛാശക്തിയെയും കുറിച്ചുള്ള പാഠങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.

"ആകാശ ഭൂമികളുടെയും പര്‍വതങ്ങളുടെയും മുന്‍പില്‍ ഈ അമാനത്തു വെച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ തയാറായില്ല. അവയതിനെ ഭയപ്പെട്ടു പക്ഷേ, മനുഷ്യനതേറ്റെടുത്തു.....'' (33:72).

ഇഖ്ബാലിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ മുമ്പിലുള്ള ഒരു നിസ്സാരനോ വിധിയുടെ കളിപ്പാട്ടമോ അല്ല മനുഷ്യന്‍. ദൈവത്തില്‍നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് അവനിലേക്ക് സഞ്ചരിച്ചെത്താന്‍ മോഹിക്കുന്ന പുതുയുഗസൃഷ്ടാവാണ്.

'ഖുദി' എന്ന പരികല്‍പനയില്‍ ഊന്നി പൂര്‍ണ മനുഷ്യന്‍ (അല്‍ ഇന്‍സാന്‍ അല്‍ കാമില്‍) എന്ന സങ്കല്‍പമാണ് ഇഖ്ബാല്‍ തന്റെ ദര്‍ശനമായി ലോകത്തിന് സമ്മാനിച്ചത്. ഈ ദര്‍ശനത്തിന്റെ സൂക്ഷ്മതയിലേക്കും ആഴത്തിലേക്കും 'കാവ്യബിംബങ്ങള്‍' (പേജ് 53) എന്ന അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് കടന്നു ചെല്ലുന്നുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും കാവ്യാത്മകവും ദാര്‍ശനികവുമായ സൌന്ദര്യം തുളുമ്പി നില്‍ക്കുന്ന ഭാഗമാണ് ഈ അധ്യായം. വായനക്കാരോട് ലളിതമായി സംവേദിക്കുന്നതും.

കവികള്‍ താഴ്വാരങ്ങളിലൂടെ സ്വപ്നാടകരായി സഞ്ചരിക്കുന്നവരാണെന്നും അവരില്‍ ചിലരെയൊഴികെ ആരെയും പിന്തുടരരുതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. കവിതകളേക്കാള്‍ ഇസ്ലാമിക അടിത്തറയില്‍ രൂപപ്പെടുത്തിയെടുത്ത തന്റെ ദര്‍ശനത്തിനായിരുന്നു ഇഖ്ബാല്‍ മുന്‍തൂക്കം കൊടുത്തത്. അദ്ദേഹത്തിന്റെ കവിത അതുല്യമായ സൌന്ദര്യം ഉള്ളതായിരുന്നെങ്കിലും അതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോട് അദ്ദേഹം അലംഭാവം പുലര്‍ത്തി. വാസ്തവത്തില്‍ തന്റെ ദര്‍ശനത്തെ സൌന്ദര്യവല്‍കരിക്കാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു അദ്ദേഹത്തിന് കവിത. ഈ പ്രത്യേകതയെ ഗ്രന്ഥകാരന്‍ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും ദാര്‍ശനികവുമായ കണ്ടെത്തലുകളെ ഒരു ചരടില്‍ മുത്തുകളെപോലെ കോര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചില കവിതകളുടെ ഉര്‍ദു മൂലം ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇഖ്ബാലിന്റെ കവിതകളുടെ സാമീപ്യവും സാന്നിധ്യവും വായനക്കാരില്‍ ഉളവാക്കാന്‍ പ്രേരകമാണ് അത്രയധികം പരീക്ഷിക്കാത്ത ഈ പുതു രീതി.

ഒരു ഉണര്‍ത്തു പാട്ടു പോലെയോ ആഹ്വാനം പോലെയോ ആയിരുന്നു ഇഖ്ബാലിന്റെ കവിത. അത് വായിക്കുന്നവരിലേക്ക് പുതിയൊരു ഊര്‍ജം പ്രവഹിക്കുന്നു. റൂമി, ലെനിന്‍, നീത്ഷേ, ശ്രീരാമന്‍. വിശ്വാമിത്രന്‍, ഖദ്ര്‍ എന്നിങ്ങനെ വിഭിന്ന കഥാപാത്രങ്ങള്‍ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. ചില കവിതകളില്‍ അദ്ദേഹം അല്ലാഹുവിനെ സന്ദര്‍ശിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്നു.

ഗ്രന്ഥകാരന്റെ ആമുഖവും ഇഖ്ബാലിന്റെ ഏതാനും കവിതാമുത്തുകളുടെ വിവര്‍ത്തനവും കഴിഞ്ഞാല്‍ നാലു അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. അതില്‍ ആദ്യത്തെ അധ്യായത്തില്‍ അദ്ദേഹത്തിന്റെ ജീവിതരേഖ സംക്ഷിപ്തമായി വിവരിക്കുന്നു. മൂന്നാമത്തെ അധ്യായം നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തിന്റെ ദര്‍ശനത്തെക്കുറിച്ചാണ്. രണ്ടും നാലും അധ്യായങ്ങള്‍ അദ്ദേഹത്തിന്റെ സാമൂഹിക ഇടപാടിനെക്കുറിച്ചും ഇസ്ലാമിക അടിത്തറയിലുള്ള നവലോക സ്വപ്നത്തെക്കുറിച്ചുമാണ്.

ഇഖ്ബാല്‍ ഒരേസമയം ഒരു സാമുദായികവാദിയും ദേശീയവാദിയും അന്തര്‍ദേശീയവാദിയുമായിരുന്നു. ഈ വ്യക്തിത്വങ്ങള്‍ വൈരുധ്യങ്ങള്‍ പുലര്‍ത്താതെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ സംസ്കാരത്തിന്റെ മൂല്യരാഹിത്യത്തെക്കുറിച്ചുള്ള വെറുപ്പും തന്റെ സമുദായത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള വേദനയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു. വ്യക്തിനിഷ്ഠമായ തലത്തിലാണ് അദ്ദേഹം രൂപപ്പെടുത്തിയ ദര്‍ശനം നിലകൊണ്ടിരുന്നതെങ്കിലും സാമൂഹികതലത്തിലും അദ്ദേഹത്തിന്റെ ചിന്ത വ്യാപരിച്ചിരുന്നു. തന്റെ സംസ്കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പും ലോകാധിപത്യവുമായിരുന്നു അദ്ദേഹത്തിന്റെ സാമൂഹികസ്വപ്നം.

അദ്ദേഹം ജീവിച്ചിരുന്ന കാലം (പത്തൊമ്പതിന്റെ അവസാനവും ഇരുപതിന്റെ തുടക്കവും) പുതിയ ലോകത്തെയും പുതിയ മനുഷ്യനെയും കുറിച്ചുള്ള സ്വപ്നങ്ങളുടെ കാലമായിരുന്നു. സാര്‍വദേശീയത, സമഗ്രാധിപത്യ വാസന, പുതിയ ലോക സൃഷ്ടി മുതലായവ അക്കാലത്തെ തത്ത്വശാസ്ത്രങ്ങളുടെ അടിസ്ഥാന ചോദകങ്ങളായിരുന്നു (മാര്‍ക്സിന്റെ അന്യന്റെ വാക്കുകള്‍ സംഗീതം പോലെയാസ്വദിക്കുന്ന കമ്യൂണിസ്റു വ്യവസ്ഥിതിയും നീത്ഷേയുടെ ലോകത്തെ ഭരിക്കുന്ന സൂപ്പര്‍മാനും കൂടാതെ ഒട്ടേറെ സോഷ്യലിസ്റ് ഉട്ടോപ്യന്‍ ചിന്താഗതികളും). ഈ കാലത്തിന്റെ സ്വാധീനത്തില്‍നിന്ന് ഇഖ്ബാലും മുക്തനായിരുന്നില്ല. ബഹുസ്വര സ്വഭാവമുള്ള ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കുമ്പോഴും തൌഹീദില്‍ പ്രതിഷ്ഠാപിതമായ 'പാന്‍ ഇസ്ലാമിസ'ത്തെയും അദ്ദേഹം മനസ്സില്‍ കുടിയിരുത്തി. ഇങ്ങനെ അനേകം വിരുദ്ധ വ്യക്തിത്വങ്ങള്‍ അദ്ദേഹത്തില്‍ കാണാനാകുമെങ്കിലും അവ ഒരു സംഗീതധാരയിലെന്നപോലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും കവിതയിലും വിലയിച്ചു കിടക്കുന്നു. ഒരൊറ്റ ചരടിലെന്നപോലെ ഇഖ്ബാലിന്റെ ദര്‍ശനത്തെയും കവിതയെയും കോര്‍ത്തിണക്കാനുള്ള ശ്രമമാണ് തന്റെ പുസ്തകമെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. ആ ശ്രമത്തില്‍ ഗ്രന്ഥകാരന്‍ വിജയിക്കുന്നുണ്ടുതാനും.

ബൃഹത്തും കേവലവുമായ (grand narration) ചിന്തകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും സൂക്ഷ്മവും പ്രാദേശികവുമായ പ്രതിരോധങ്ങള്‍ക്ക് (micro politics) പ്രസക്തി വര്‍ധിക്കുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത്, ഇഖ്ബാലിനെ പോലുള്ളവര്‍ സൃഷ്ടിച്ചെടുത്ത സമഗ്രതയുടേതായ ജ്ഞാനരൂപങ്ങള്‍ക്ക് എത്രമാത്രം കാലികത ഉണ്ട് എന്ന ചോദ്യവും അടുത്തതായി അവശേഷിക്കുന്നുണ്ട്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച 'അപാര പ്രപഞ്ചങ്ങള്‍'ക്ക് ഈ കാലത്തും മനുഷ്യരില്‍ പ്രതീക്ഷയും ശക്തിയും പകരാന്‍ കഴിയുന്നുണ്ടെന്ന വസ്തുതയും മറച്ചു വെച്ചുകൂടാ.

അവസാന വിശകലനത്തില്‍ ഇഖ്ബാലിന്റെ സംഭാവനകളെ ഇങ്ങനെ സംഗ്രഹിക്കാം. പ്രകൃതിയിലെ ഓരോ വസ്തുക്കളും ഓരോ മനുഷ്യരും അവയുടെ മൌലികതകള്‍ കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും വ്യത്യസ്തമാണ്. ഈ 'വ്യത്യസ്തത'യെയും 'അനന്യത'യെയും ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്.

ഇസ്ലാം ഒരു 'മോചനമാര്‍ഗ'മായി നിലനില്‍ക്കുമ്പോള്‍ തന്നെ ഓരോരുത്തരും അതിനെ ഉള്‍ക്കൊള്ളുന്നതും ജീവിതത്തില്‍ ആവിഷ്കരിക്കുന്നതും തങ്ങളുടെ വ്യത്യസ്തതകളോടെയാണ്. ഖുര്‍ആന്റെ അടിസ്ഥാന സത്തയില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ അതില്‍ പുതിയ സാധ്യതകള്‍ ആരായുകയാണ് ഇഖ്ബാല്‍. വേദ പുസ്തകത്തെ മുന്‍ നിറുത്തി ഇനിയും അന്വേഷണങ്ങള്‍ സാധ്യമാണെന്ന് ഇങ്ങനെ അദ്ദേഹം വിളിച്ചു പറയുന്നു. ഇസ്ലാമിന്റെ ആധുനിക കാലത്തേക്കുള്ള ഇജ്തിഹാദ് ആണ് ഇഖ്ബാല്‍ ദര്‍ശനം. കവിതകള്‍ അതിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയും. വിശ്വാസികളെ ആത്മാവു നഷ്ടപ്പെട്ട ആള്‍ക്കൂട്ടമായോ ചൈതന്യം നഷ്ടപ്പെട്ട ജഡരൂപങ്ങളായോ മാറ്റാന്‍ ശ്രമിക്കുന്ന മതയാഥാസ്ഥിതികത്വത്തിനും മതഫാസിസത്തിനുമെതിരെ നില്‍ക്കുന്നു ആ ദര്‍ശനവും കവിതയും.
പി.എ നാസിമുദ്ദീന്‍

പുസ്തകം


ഇഖ്ബാലിനെ കണ്ടെത്തല്‍

ടി.കെ അബ്ദുല്ല

ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, കോഴിക്കോട്

വില: 65.00

2011 ജൂൺ 7, ചൊവ്വാഴ്ച

ബിന്യാമിന്റെ ആടുകളും സ്വയം പരിഹാസ്യനാകുന്ന കൈപട്ടൂരും


ഇ ജാലകത്തില്‍ കൈപട്ടൂര്‍ തങ്കച്ചന്‍ എഴുതിയ ലേഖനത്തിന് ഒരു വിമര്‍ശന കുറിപ്പ്. ഈജലകത്തില്‍ അയച്ചു കൊടുത്തെങ്കിലും തിരക്കുകാരണം അവര്‍ പ്രസിദ്ധീകരിച്ചില്ല. ഇവിടെ എനിക്ക് തിരക്കില്ല..അതിനാല്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.. കൈപട്ടൂരിന്റെ ലേഖനം ഇതാ ഇവിടെ ഇര തേടുന്ന ആടുകളും ദിക്കറിയാത്ത ഇടയരും  
   ബി ന്യാമിന്റെ കുവൈത്ത് സന്ദര്‍ശനം കഴിഞ്ഞിട്ടും അതിന്‍റെ അലയൊളികള്  അവസാനിച്ചിട്ടില്ല എന്നത് ആ സാഹിത്യകാരന്‍ എത്രത്തോളം പ്രവാസി വായനക്കാരനില്‍ സ്വാധീനം ചെലുതിയിരികുന്നു എന്നതിന്റെ തെളിവാണ്. അദ്ധേഹത്തിന്റെ വരവോടു കൂടി പുസ്തകങ്ങളെയും വായനയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുങ്ങി എന്നത് തന്നെ ഒരു മഹാസംഭവമാണ്.. യൂത്ത് ഇന്ത്യ ഒരുക്കിയ അവാര്‍ഡ് ദാന  സദസ്സും ചര്‍ച്ചയും ആദ്യം മുതല്‍ അവസാനം വരെ തിങ്ങി നിറഞ്ഞതും ഈ ഒരു ഉയെര്‍തെഴുന്നെല്പ്പു ന്റെ കൂടി സാക്ഷ്യമായിരുന്നു. യൂത്ത് ഇന്ത്യ അതിനു വേദി ഒരുക്കി എന്നത് പ്രത്യേകം അഭിനധനമാര്‍ഹികുന്നു. ആ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിക്കുകയും ഒത്തിരി പേരെ മറി കടന്നു  അവിടെ സംസാരിക്കാന്‍ ഭാഗ്യം ലഭികുകയും ചെയ്ത കൈപട്ടൂരിനെ പോലുള്ളവരില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത വരികളാണ് ഈ ജാലകത്തില്‍ അദ്ദേഹം എഴുതിയത്. അന്നത്തെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് കൈപെട്ടൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അവിടെ കൂടിയവരില്‍ ചിരി ഉണര്‍ത്തുകയും അദ്ദേഹം സ്വയം പരിഹാസ്സ്യനവുകയും ചെയ്യുന്ന കാഴ്ച അദ്ധേഹത്തെ പോലുള്ള ആളുകള്‍ക്ക് ഇനിയെങ്കിലും ഭൂഷണമല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹം അവിടെ പറയുകയുണ്ടായി അദ്ധേഹത്തെ സ്വാഗത പ്രസംഗത്തില്‍ പേരെടുത്തു പരാമര്‍ശിച്ചില്ലപ്രത്യേകം വിളിച്ചു വരുത്തി വന്നതിനു ശേഷം പേരും സ്ഥാനവും പറയാതിരുന്നത് ശരിയായില്ല എന്ന്. ഇത് അദ്ദേഹം സ്വയം ചെറുതാകുന്ന ഒരു പരാമര്‍ശമാണ് നടത്തിയത്. അതിനു മറുപടിയായി യൂത്ത് ഇന്ത്യ പ്രസിഡണ്ട്‌  നടത്തിയ പരാമര്‍ശം പ്രത്യേകം ശ്രധിക്കപെടുകയും ചെയ്തു. അതാണ്‌ അതിന്‍റെ ശരിയും.അദ്ദേഹം പറഞ്ഞു കൈപട്ടൂരിനെ പോലുള്ള ഒരാളെ പ്രത്യേകം സ്വാഗതം ചെയ്യാതിരിക്കാന്‍ മാത്രം അദ്ദേഹം കുവൈത്ത് മലയാളികള്‍ക്ക് സുപരിചിതന്‍  ആണ് എന്ന്. സംഘാടകരുമായി എന്ത് കൊട് ആളുകളെ പേരെടുത്തു സ്വാഗതം നടത്തിയില്ല എന്ന് അന്വേഷിച്ചിരുന്നു. അമ്പതോളം ആളുകളെ ആ പരിപാടിയില്‍ പ്രത്യേകം ക്ഷണിക്കുകയും എല്ലാവരോടും സമയ്തിനനുസരിച്ചു വേദിയില്‍ വന്നു സംസാരിക്കണം എന്ന് അറിയിക്കുകയും ചെയ്തിരുന്നു.. ഈ അമ്പതു ആളുകളെ പേരെടുത്തു സ്വാഗതം പറയുന്നതിലെ അനൌചിത്വം ഒന്നുകൊണ്ടു മാത്രമാണ് അത് ഒഴിവാക്കിയത്. അല്ലാതെ ഞങ്ങള്‍ വളരെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം . അവിടെയാണ് കൈപട്ടൂരിനെ പോലുള്ളവര്‍ സ്വയം സ്ഥാനം മനസ്സിലാക്കാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. 
പിന്നെ ബിന്യമിന്റെ നോവല്‍ ആടുജീവിതുമായി ബന്ധപെട്ടു ഇവിടെ  അദ്ദേഹം നടത്തിയ പരാമര്‍ശം ചിലത് അന്ഗീകരികാം എങ്കിലും ഒരു സാധാരണ വായനക്കാരനെ പൂര്‍ണാര്‍ഥത്തില്‍ തിര്‍പ്തി പെടുത്തുന്ന ഒന്നാണ് ആടുജീവിതം. അതിന്‍റെ തെളിവാണ് ആണ് അവിടെ തടിച്ചു കൂടിയ സാധാരണക്കാരും. (പല പ്രമുഖ എഴുത്തുകാരും ഇവിടെ വന്നിടുന്ടെങ്കിലും ഇത്രയും ജനകീയമായ ഒരു ആദരവ് അവര്‍ക്ക് ആര്കെങ്കിലും നല്‍കിയിട്ടുണ്ട്  എന്ന് തോനുന്നില്ല. ) .
പിന്നെ ആനയെ കണ്ടകാര്യം. കൂട്ടത്തില്‍ ഏറ്റവും വലിയ ആനയെ അവിടെ വെച്ച് കണ്ടത് കൈപറ്റൂര്‍ തന്നെ ആയിപോയത്വിധിയുടെ  വൈരൂപ്യം. (നോവലിനേയും നോവലിസ്റ്റിനെയും വാതോരാതെ പ്രശമിസിച്ചത് ആരും മറക്കാന്‍ തരമില്ല. )
 പിന്നെ ആടുകളെ രക്ഷകനെ കുറിച്ചുള്ള അദ്ധേഹത്തിന്റെ എഴുത്ത് എനിക്ക് ഇഷ്ട പെട്ടു. ഗാലറിയില്‍ ഇരുന്നു ഗോളടിക്കാന്‍ ആര്‍ക്കും കഴിയും.ഒന്ന് കളത്തില്‍ ഇറങ്ങി കളിക്കണം അപ്പോള്‍ മാത്രമേ അതിന്‍റെ പ്രയാസം അറിയൂ. അദ്ധേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ചാനലും നമുക്കി മാറ്റിവെക്കാം പക്ഷെ അദ്ധേഹത്തെ പോലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകളാണ് അല്പമെങ്കിലും ആടുജീവിതങ്ങള്‍ക്ക് ആശ്വാസം ആകുന്നതു  എന്ന് മറക്കരുത്. അതരിയുന്നത് കൊണ്ടാണ് യൂത്ത് ഇന്ത്യ, ആടുജീവിതത്തിലെ  കഥാ പത്രം നജീബിനും ദാനസഹായം നല്‍കാന്‍ ആ വേദി ഉപയോഗിച്ചത് എന്ന് മനസ്സിലാക്കാം. 
പിന്നെ ബിന്യാമിന്‍ ഫോണ എടുത്തില്ല എന്നാ പരാമര്‍ശം. ഈ ചെറിയ സന്ദര്‍ശനത്തില്‍ എത്ര ആളുകളുടെ ഫോണ വിളികല്‍കാണ് ഒരാള്‍ക്ക്‌ മരുപടിനല്കാന്‍ കഴിയുക. !! ഈയുള്ളവനും ബിന്യാമിന്റെ കൂടെ അല്‍പസമയം ചിലവഴിച്ചിരുന്നു. എയര്‍ പോര്‍ട്ടില്‍ വെച്ച് മറ്റൊരു ലൈബ്രറി ഉത്ഘാടനവും ഉണ്ടാകും എന്ന് സൂചിപിച്ചപ്പോള്‍ സംഘാടകര്‍ക്ക് പ്രയാസം ഉണ്ടാക്കാത്ത ഏതു പരിപാടിയിലും സംബധിക്കാന്‍ തയ്യാറാണ് എന്നാണു അദ്ദേഹം പറഞ്ഞത്. അതില്‍ നിന്നും അദ്ദേഹത്തിന് കൈപട്ടൂര്‍ പറഞ്ഞതുപോലുള്ള ഒരു "ജാഡഉണ്ടെന്നു വിശ്യസിക്കാന്‍ തരമില്ല. അദ്ദേഹം അത് മനപ്പൂര്‍വം ചെയ്തതാവാന്‍ തരമില്ല. 


ചായ തോപ്പില്‍ ബീരാന്‍. 
ഫഹാഹീല്‍ 

2011 മേയ് 2, തിങ്കളാഴ്‌ച

വികസന ഫോറത്തിന്റെ പ്രത്യാശകള്‍


വികസനം എന്ന നാലക്ഷരത്തിന് ഒരു സമൂഹത്തിന്റെ മൊത്തം ഗതിയെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട്. ഒരു ജനതയുടെ മുന്നോട്ടുപോക്കിനെക്കുറിച്ച മുഴുവന്‍ പ്രത്യാശകളും ഉള്‍ക്കൊള്ളുന്ന വ്യവഹാരമാണ് വികസനം. മുതലാളിത്ത വ്യവസ്ഥക്കകത്ത് അറിവിന്റെ വമ്പിച്ച അധികാരം ഘനീഭവിക്കുന്ന ആശയമാണ് വികസനം. അതിന് മുതലാളിത്തത്തിനകത്ത് നിര്‍ണിതമായ അര്‍ഥങ്ങളുണ്ട്. അതിനെ എതിര്‍ക്കുന്നവരെ വികസന വിരുദ്ധരെന്ന അറിവധികാര പ്രയോഗം കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് കുടിയൊഴിപ്പിക്കും. വികസനം എന്ന സങ്കല്‍പത്തിനു മുന്നില്‍, തലമുറകളായി പാര്‍ക്കുന്ന ആവാസവ്യവസ്ഥകള്‍ക്കകത്തുനിന്ന് നിങ്ങള്‍ പറിച്ചെറിയപ്പെടാം. മലയും പാടവും പുഴയും സമനിരപ്പാക്കാനുള്ള ശേഷി ആ വാക്കിനുണ്ട്. ഫാഷിസ്റ്റ് ഭരണാധികാരികളുടെ മനുഷ്യവിരുദ്ധതകളെ വെള്ളപൂശാനുള്ള കഴിവ് വികസനമെന്ന വിഭാവനക്കുണ്ട്. നരേന്ദ്രമോഡി ഫാഷിസ്റ്റാണെങ്കിലും നമ്മുടെ വികസനത്തിന്റെ പ്രതീകമാണ്. ഒരുപാട് നിലവിളികളെ നിശ്ശബ്ദമാക്കാന്‍ കഴിയുന്ന ഒരു പ്രയോഗമാണത്. ആധുനികയുഗം വികസനത്തിന്റെ യുഗം കൂടിയാണ്. ആധുനിക യുഗത്തെ സൃഷ്ടിച്ചത് വികസനം എന്ന പ്രത്യയശാസ്ത്രമാണ്. മുതലാളിത്തത്തിന് പര്യായമായി പറയാവുന്ന വാക്ക്. വികസിത രാഷ്ട്രം, വികസ്വരരാഷ്ട്രം, അവികസിത രാഷ്ട്രം എന്നതിന്റെ ശരിയായ വിവര്‍ത്തനം മുതലാളിത്തവത്കരിക്കപ്പെട്ട രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രം, മുതലാളിത്തവത്കരിക്കപ്പെടാത്ത രാഷ്ട്രം എന്നാണ്. മുതലാളിത്തത്തില്‍ സമൂഹങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡാണ് വികസനം. മുതലാളിത്തത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന ലോകത്തെ സൃഷ്ടിച്ചത് വികസനമെന്ന ആശയാവലിയാണ്. മുതലാളിത്തത്തിന്റെ കോളനിയാത്രകള്‍ എന്നും ന്യായീകരിക്കപ്പെട്ടത് വികസനം എന്ന ആദര്‍ശത്തിന്റെ പേരിലാണ്. മുസ്‌ലിം സ്ത്രീയെ വിമോചിപ്പിക്കാനാണ് ഒബാമ അഫ്ഗാനില്‍ സ്വന്തം പട്ടാളത്തെ തീറ്റിപ്പോറ്റുന്നത്.
മറുഭാഗത്ത് അല്ല, അതേ ഭാഗത്ത് കാലാവസ്ഥാ വ്യതിയാനം മുതല്‍ ആവര്‍ത്തിക്കപ്പെടുന്ന സൂനാമികള്‍ വരെ ഈ വികസനത്തിന്റെ സംഭാവനകളാണ്. റാഷല്‍ ഗരോഡിയുടെ ഭാഷയില്‍ 'ജീവിക്കാന്‍ കാരണമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്ന പാശ്ചാത്യ ഭൗതിക സമൂഹത്തെ' നിര്‍മിച്ചത് ഈ വികസന സങ്കല്‍പമാണ്.
പാവപ്പെട്ടവനെ കുടിയൊഴിപ്പിക്കുന്ന, കീഴടക്കലിന്റെ പടയോട്ടങ്ങള്‍ക്ക് ന്യായമൊരുക്കുന്ന, പണക്കാരനെ പ്രബലനും പാവപ്പെട്ടവനെ അധമനുമാക്കുന്ന, പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വികസനം എന്ന ജ്ഞാനാധികാരത്തെ അപനിര്‍മിച്ചും പുനര്‍നിര്‍മിച്ചും മാത്രമേ യഥാര്‍ഥ മനുഷ്യനും പ്രകൃതിക്കും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയൂ. സമരത്തിനപ്പുറം, ആശയപരമായ മുതലാളിത്തത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ത്തു മാത്രമേ മനുഷ്യന്റെ കൊടി ഇനി ഉയര്‍ത്താനാവൂ.
വികസനം എന്ന സങ്കല്‍പത്തിന്റെ ഗുണപരമായ വശം, അത് നിശ്ചലതയെ നിരാകരിക്കുന്നു എന്നതാണ്. ആ പദം മുന്നോട്ടുപോക്കിനെക്കുറിച്ച പ്രത്യാശയാണ് വിനിമയം ചെയ്യുന്നത്. മുതലാളിത്തത്തിന് എതിര് പറയുമ്പോഴും സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ നിരാകരിക്കാനാവില്ല. മുതലാളിത്തത്തെ മറികടക്കാനുള്ള വഴി അതിന്റെ രചനാത്മകതയെ പ്രതിരോധ പ്രവര്‍ത്തകര്‍ സ്വാംശീകരിക്കുക എന്നതാണ്. മുതലാളിത്തത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്ക് സമരത്തിന്റെ ഭാഷയില്‍ മാത്രമല്ല, വികസനത്തിന്റെ ഭാഷയിലും സംസാരിക്കാന്‍ സാധിക്കേണ്ടതുണ്ട്. അങ്ങനെ വികസനമെന്ന ജ്ഞാനാധികാരത്തെ അട്ടിമറിക്കാന്‍ കഴിയണം. ജ്ഞാനത്തിന്റെ ബുള്‍ഡോസറാണ് സാമാന്യ ജനത്തിനും പ്രകൃതിക്കുമെതിരെ ആദ്യമായി പ്രയോഗിക്കപ്പെടുന്നത്. അതിനെ തടഞ്ഞുനിര്‍ത്താന്‍ സമരത്തെ ജ്ഞാനത്തിന്റെ മണ്ഡലത്തിലേക്ക് വികസിപ്പിക്കേണ്ടതുണ്ട്. ഇരകളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റേണ്ടതുണ്ട്. അനുഭവങ്ങളെ അറിവുകളാക്കി മൊഴിമാറ്റം ചെയ്യുന്ന പ്രക്രിയക്ക് സമരസമൂഹം നേതൃത്വം നല്‍കണം. ഇപ്പോള്‍ അറിവ് മുതലാളിത്തത്തിനും അനുഭവം ഇരക്കുമാണ്.
സോളിഡാരിറ്റി ഒരു സംഘടന എന്ന നിലയില്‍ പിറന്നു വീണതുതന്നെ വികസന സംവാദത്തിനകത്താണ്. കേരളത്തിലെ വികസനത്തിന്റെ പ്രതിപക്ഷം നയിക്കുന്ന അതിജീവന സമരങ്ങളുടെ തോഴനും തേരാളിയുമായാണ് അത് തുടക്കം മുതലേ മുന്നോട്ടുപോയത്. 2004-ല്‍ പാലക്കാട്ട് വെച്ച് നടന്ന അതിന്റെ പ്രഥമ സംസ്ഥാന സമ്മേളനം കൈമാറിയ സന്ദേശം 'മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിന് ഒരു തിരുത്ത്' എന്നതായിരുന്നു. കേരളത്തിന് വേണ്ടാത്ത വികസനത്തിനെതിരെ അത് ഒരുപാട് സംസാരിച്ചിട്ടുണ്ട്. സമരങ്ങള്‍ വെറും സമരം മാത്രമല്ല, അത് വികസനത്തെക്കുറിച്ച പ്രതികാഴ്ചപ്പാട് കൂടിയാണ്.
വികസനം എന്ന പരികല്‍പനയെ മുതലാളിത്തത്തിന്റെ അച്ചുകൂടത്തില്‍ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. കാരണം ആ വാക്ക് ഒരു നാടിന്റെ വളര്‍ച്ചയെക്കുറിച്ച സ്വപ്നങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. അവരുടെ ഭാവിയെ നിശ്ചയിക്കുന്നുണ്ട്. ജനങ്ങളുടെ യഥാര്‍ഥവും ആരോഗ്യകരവുമായ സ്വപ്നങ്ങളെ വരക്കാനുള്ള കാന്‍വാസായി അതിനെ പുതുക്കിപ്പണിയണം. അത്തരമൊരു ശ്രമമാണ് മാര്‍ച്ച് 11-13 തീയതികളില്‍ എറണാകുളത്ത് വെച്ച് സോളിഡാരിറ്റി സംഘടിപ്പിച്ച പുതിയകേരളം വികസന ഫോറവും ജനപക്ഷ വികസന സമ്മേളനവും. മൂന്ന് ദിവസം സമരങ്ങളെ, മുതലാളിത്തത്തിനെതിരായ വിമര്‍ശനങ്ങളെ വികസനത്തിന്റെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കേരളത്തിനെന്തുവേണ്ട എന്നായിരുന്നു സോളിഡാരിറ്റി ഇതുവരെ പറഞ്ഞതെങ്കില്‍ കേരളത്തിന് യഥാര്‍ഥത്തില്‍ എന്താണ് വേണ്ടതെന്ന് വിശദമായി പറയാനാണ് വികസന ഫോറം ശ്രമിച്ചത്.
അതിവേഗം ബഹുദൂരം വികസിക്കുന്ന മുതലാളിത്തത്തെ പിടിച്ചുകെട്ടുക എന്നതുതന്നെ വലിയ ഒരു നൈതിക പ്രവര്‍ത്തനമാണ്. പക്ഷേ, അതുകൊണ്ട് മാത്രം മുതലാളിത്തത്തെ തോല്‍പിക്കാനാവില്ല. വികസനം അഥവാ വളര്‍ച്ച എന്ന ഊര്‍ജം മുതലാളിത്തത്തിന്റെ അതിജീവനശേഷിയുടെ വലിയ ഒരു കാരണമാണ്. എത്ര വിനാശകരമാണെങ്കിലും അത് മുന്നോട്ടുപോക്കിനെ പ്രതിനിധീകരിക്കുന്നു. മുതലാളിത്തത്തെ ചെറുക്കുന്നവര്‍ക്ക് എങ്ങനെ മുന്നോട്ടു പോവരുത് എന്നതിനപ്പുറം എങ്ങനെ മുന്നോട്ടുപോവണം എന്നു പറയാനുള്ള ബാധ്യത കൂടിയുണ്ട്. അപ്പോഴാണ് ഇപ്പോള്‍ മുതലാളിത്തത്തിന്റെ കൈയിലുള്ള സമൂഹഗാത്രത്തിന്റെ മൂക്കുകയര്‍ അതിനെ പ്രതിരോധിക്കുന്നവരുടെ കൈകളില്‍ വന്നുചേരുക.
സോളിഡാരിറ്റി വികസനഫോറത്തിന്റെ ഏറ്റവും വലിയ സവിശേഷത നമ്മുടെ വികസന വ്യവഹാരങ്ങളില്‍ ഇടം ലഭിക്കാത്ത നിരവധി വിഷയങ്ങളെ അത് വികസന വ്യവഹാരത്തിനകത്തേക്ക് കൊണ്ടുവന്നു എന്നതാണ്. വികസനത്തെ ഒരു സമൂഹത്തിന്റെ എല്ലാ നല്ല സ്വപ്നങ്ങളെയും ഉള്‍ക്കൊള്ളുന്ന വാക്കാക്കി വികസിപ്പിച്ചു എന്നതാണ്.
കേരള വികസനമോഡലിന്റെ അപരമായി പോലും വികസന ചര്‍ച്ചയില്‍ ഇതുവരെ മലബാര്‍ കടന്നുവന്നിട്ടില്ല. എന്നാല്‍ മലബാറിനോടുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് വികസന ഫോറം ചര്‍ച്ചക്കെടുത്തത്. മലയാള മാനക ഭാഷയുടെ രൂപീകരണത്തില്‍ പോലും മലബാറിന്റെ ഉപഭാഷകള്‍, ഭാഷാ ഭേദങ്ങള്‍ എങ്ങനെയാണ് പുറംതള്ളപ്പെട്ടത് എന്ന് ഫോറം വിശദമാക്കി. സംവരണം വികസനത്തിന്റെ വിലങ്ങുതടിയായാണ് മനസ്സിലാക്കപ്പെടുന്നത്. സവര്‍ണ പൊതുബോധം വികസനത്തെക്കുറിച്ചും മെറിറ്റിനെക്കുറിച്ചും സൃഷ്ടിച്ച അന്ധവിശ്വാസമായിരുന്നു അത്. കേരള വികസനവും സംവരണവും എന്ന വിഷയം ചരിത്രത്തിലാദ്യമായി ഫോറം ചര്‍ച്ചക്കെടുത്തു. ലിംഗ പ്രശ്‌നങ്ങള്‍ നമുക്ക് വികസന പ്രശ്‌നമാണ്. സംവരണ പ്രശ്‌നങ്ങള്‍ വികസന വിഷയങ്ങളേയല്ല.
മാനവിക വികസനത്തില്‍ ഒരു സമൂഹത്തിന്റെ മനുഷ്യാവകാശ സംരക്ഷണത്തിന്റെ തോത് ഒരു സൂചകമായി പരിഗണിക്കപ്പെടണമെന്ന നവീനാശയവും അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെക്കുറിച്ച വിലയിരുത്തലും മാനവിക വികസന ചര്‍ച്ചയില്‍ നടന്നു. വികസനത്തെ ഇങ്ങനെ നോക്കിക്കണ്ടാല്‍ നരേന്ദ്രമോഡി വികസനത്തിന്റെ ഉടല്‍ രൂപമാവില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞ പോലെ ഒരു സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരിക്കണം വികസനം. കേരളത്തിലെ മുസ്‌ലിം സ്ത്രീ വികസന വിശകലനങ്ങളിലെ അപരമായി മാറുന്നതിന്റെ കാരണവും മുസ്‌ലിം സ്ത്രീകളുടെ യഥാര്‍ഥമായ പ്രശ്‌നങ്ങളും പ്രതിവിധികളും ഫോറം ചര്‍ച്ചക്കെടുത്തു. മാറേണ്ടത് മുസ്‌ലിം സ്ത്രീ മാത്രമല്ല, മുസ്‌ലിം സ്ത്രീയെക്കുറിച്ച പൊതു സമൂഹത്തിന്റെ ശാഠ്യങ്ങള്‍ കൂടിയാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് വേറിട്ട വഴികള്‍ നിര്‍ദേശിച്ചു. എന്താണ് വികസനമെന്ന ചോദ്യം ഫോറം ഉറക്കെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ജി.ഡി.പി വളര്‍ച്ച സമം വികസനം എന്ന സൂത്രവാക്യത്തെ, മുഖ്യധാരാ വികസന വ്യവഹാരത്തിന്റെ താക്കോല്‍ വാക്കിനെ അത് യുക്തിഭദ്രമായി ഖണ്ഡിച്ചു.
വരവ് വെക്കപ്പെടാത്ത ഒരുപാട് കര്‍മശേഷികള്‍ നമ്മുടെ വികസന ചര്‍ച്ചക്ക് പുറത്തുണ്ട്. കുടുംബത്തെയും ജനകീയ ആരോഗ്യ പ്രവര്‍ത്തനത്തെയുമെല്ലാം വികസന വ്യവഹാരത്തിനകത്ത് ദൃശ്യവത്കരിക്കാന്‍ ഫോറം ശ്രമിച്ചു. വികസനം അദൃശ്യമാക്കിയവരെ വികസനത്തിനകത്തുതന്നെ ദൃശ്യമാക്കുക എന്നതായിരുന്നു ഫോറം നിര്‍വഹിച്ച ദൗത്യം.
സമരപക്ഷത്തിന് പ്രതിപക്ഷമാവാനുള്ള ശേഷി മാത്രമല്ല ഭരണപക്ഷമാവാനുള്ള പ്രാപ്തിയുമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു വികസന ഫോറം. ഓരോ സമരവും ഒരു സ്‌കൂളാണ്. അല്ലെങ്കില്‍ സര്‍വകലാശാലയാണ്. അത് ഉല്‍പാദിപ്പിക്കുന്ന അറിവുകളെ ഓരോ രംഗത്തും അത് മുന്നോട്ടുവെച്ചു. വികസനാനന്തര ലോകത്തിന്റെ വികസന കാഴ്ചപ്പാടുകളും മതേതരാനന്തര കാലത്തിന്റെ മത രാഷ്ട്രീയ കാഴ്ചപ്പാടുകളുമായിരുന്നു ഫോറവും സമ്മേളനവും പൊതുസമൂഹത്തോട് പങ്കുവെച്ചത്. അപ്പോള്‍ സോളിഡാരിറ്റി ഒരു സംഘടന മാത്രമല്ല, ഒരു വിദ്യാലയം കൂടിയാണ്. പ്രതിജ്ഞാനത്തെയും ജ്ഞാനിമത്തെയും (വിജ്ഞാനത്തിന്റെ ചട്ടക്കൂട്, അടിസ്ഥാന കാഴ്ചപ്പാട്) ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്ന കലാശാല. കേരളത്തിന്റെ വളര്‍ച്ചയുടെ സമഗ്രമായ ഉത്തരവാദിത്വമാണ് പരിപാടിയിലൂടെ സോളിഡാരിറ്റി കേരളത്തിലെ പൗരസമൂഹത്തിനു വേണ്ടി ഏറ്റെടുത്തത്. കേരളത്തിലെ ഇസ്‌ലാമിക സമൂഹിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ കേരളീയ സമൂഹത്തെക്കുറിച്ച സര്‍വതല സ്പര്‍ശിയും ഉത്തരവാദിത്വപൂര്‍ണവുമായ കാല്‍വെപ്പാണ് വികസന ഫോറം. കേരളത്തെ ഭൗതികമായും സാംസ്‌കാരികമായും മുന്നോട്ടു നയിക്കാനുള്ള ചുമതല പഠനപൂര്‍വം അത് ഏറ്റെടുക്കുകയാണ്. കേരള വികസന ചര്‍ച്ച ഇനി മുതല്‍ ഇത്രമേല്‍ നൈതികമായിരിക്കും. കേരളത്തെക്കുറിച്ച എല്ലാം സോളിഡാരിറ്റിയുടെ പ്രധാന വിഷയങ്ങളാണ്. സമൂഹത്തിന്റെ ഏതെങ്കിലും ഇടങ്ങളില്‍ ഒതുങ്ങിനിന്ന് പ്രവര്‍ത്തിക്കാനല്ല അത് ശ്രദ്ധിക്കുന്നത്. മൗലികാശയത്തില്‍ നിന്ന് അതിന്റെ പ്രയോഗതലത്തിലേക്കുള്ള ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ വഴിയിലെ നാഴികക്കല്ലായിരിക്കും പുതിയ കേരളം വികസന ഫോറവും വികസന സമ്മേളനവും. സമരത്തിലും രാഷ്ട്രീയത്തിലും സേവന രംഗത്തും മാത്രമല്ല, വൈജ്ഞാനിക രംഗത്തും അതിന് നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്ന് തെളിയിച്ച പരിപാടിയായിരുന്നു അത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുസ്വര പരിപാലനശേഷിയെ അടിവരയിട്ട് തെളിയിച്ച പരിപാടി കൂടിയായിരുന്നു അത്. വിശ്വാസികളും അവിശ്വാസികളും പലതരം വിശ്വാസികളും സ്ത്രീകളും പുരുഷന്മാരും എല്ലാം പങ്കുചേര്‍ന്ന വൈജ്ഞാനിക സംഗമമായിരുന്നു വികസന ഫോറം. പ്രതിരോധത്തിന്റെയും സമന്വയത്തിന്റെയും കലയും സംഗീതവും പരിപാടികളുടെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടി.
ടി മുഹമ്മദ്‌ വേളം 

2010 ഡിസംബർ 20, തിങ്കളാഴ്‌ച

പ്രവാസംകൊണ്ട് എന്ത് നേടി ?

പ്രവാസംകൊണ്ട് എന്ത് നേടി ?
ഈ ഒരു ചോദ്യം ഓരോ പ്രവാസിയും അവനവനോട് തന്നെ ഒരായിരം പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. ഉത്തരങ്ങള്‍ പലതും ലഭിച്ചു എങ്കിലും അതൊന്നും അവനെ ത്ര്പ്തിപെടുതുകയോ അല്ലെങ്കില്‍ അതിനോട് പൊരുതപെടാണോ കഴിയില്ല. അല്ലെങ്കില്‍ തന്നെ ഒത്തിരി തവണ പ്രവാസം ചര്‍ച്ച ചെയ്യപെടുകയും വീണ്ടും ചര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് പ്രവാസം. കുടുംബ പ്രാരാബ്ദങ്ങള്‍ ഒന്ന് കരക്കടുപ്പിക്കാന്‍ വേണ്ടി മാത്രം ഈ വഴി തിരഞ്ഞെടുതവരാന് പ്രവാസികള്‍. ഇന്ന് സാഹചര്യങ്ങള്‍ക്ക് മാറ്റം വരുനുന്ടെങ്കിലും ആ പഴയ പ്രവാസത്തിന്റെ ദുരനുഭവങ്ങള്‍ പേറാന്‍ ഇന്നും പഴമയുടെ പിന്തുടര്‍ച്ചക്കാര്‍ വന്നുകൊണ്ടേ ഇരിക്കുന്നു.
ഞാന്‍ ഇവിടെ ഒരു പ്രവാസിയെ പരിചയപെടുത്തട്ടെ.. പേര് പെരോത് കുഞ്ഞുമുഹംമെദ് എന്ന മുസ്തഫ . തൃശൂര്‍ ജില്ലയിലെ തളികുളം സ്വദേശി. കഴിഞ്ഞ ഇരുപതിഅഞ്ഞു വര്‍ഷമായി കുവൈത്തില്‍ , ചെറിയ ശമ്പളത്തില്‍ ടാക്സി ഡ്രൈവര്‍. ആറു വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.. രണ്ടുനാള്‍ ദിവസം നാട്ടില്‍ പോയി. നാട്ടില്‍ പോകുന്നതിനു തൊട്ടു മുന്‍പുവരെ എനിക്ക് അദ്ധേഹത്തെ പരിചയമില്ല. ഇത്രയും പറഞ്ഞതെല്ലാം ഒരു പ്രവാസിയില്‍ സാധാരണ സംഭാവിക്കരുള്ളത് തന്നെ. ഇനിപരയുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍.
പ്രവാസത്തിന്റെ ഒഴിവുസമയങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ പലപ്പോഴും കുവൈറ്റിലെ ഹോസ്പിടലുകള്‍ സന്ദര്‍ശിക്കുകയും ആരോരുമില്ലാത്തവര്‍ക്ക് എന്തെകിലും കഴിയുന്ന സഹായങ്ങള്‍ എതിച്ചുകൊടുക്കാറുണ്ട്. ഹോസ്പിറ്റലില്‍ ഒന്ന് സന്ദര്‍ശിച്ചാല്‍ ഇത്തരം ആളുകളെ ഒത്തിരി നിങ്ങള്ക്ക് കാണാന്‍ കഴിയും. കിട്ടുന്ന ഒഴിവു സമയങ്ങള്‍ വല്ലപ്പോഴും ഇതിനു വേണ്ടി ഒന്ന് മാറ്റിവെച്ചാല്‍ നമ്മുടെ ചെറിയ സമയം മറ്റുള്ളവര്‍ക്ക് ഒരു വലിയ അനുഗ്രഹമായിരിക്കും. അവിടെ പലപ്പോഴും നമുക്ക് പ്രതേകം ഒന്നും തന്നെ ചെയ്യാന്‍ ഉണ്ടാവില്ല. പലര്‍ക്കും നമ്മുടെ സഹായം ഒന്നും ആവശ്യമുണ്ടാവില്ല.. നമ്മുടെ ഒരു സാമീപ്യം , നമ്മുടെ ആശ്വാസ വാക്കുകള്‍ എല്ലാം അവര്‍ക്ക് വലിയ  സമാധാനം നല്‍കും. പലരും നാടുമായി ഒന്ന് ബന്ധപെടാന്‍ കഴിയാതെ വിഷമിക്കുന്നവര്‍ ആയിരിക്കും .. അവര്‍ക്ക് ഒന്ന് ടെലിഫോണ്‍ ചെയ്യാന്‍ അവസരം നല്‍കുക. ഒരു കാര്‍ഡ്‌ വാങ്ങി നല്‍കുക അല്‍പനേരം അവരുടെ കൂടെ ചിലവഴിക്ക. ഇതെല്ലാം വലിയ ആശ്വാസം നല്‍കും അവര്‍ക്ക്. മാത്ര മല്ല നമുക്ക് തന്നെയും നമ്മെ കുറിച്ച് ഒരു പുനരാലോചനക്ക് വഴിയൊരുക്കും.
ക്ഷമിക്കണം , ഞാന്‍ ആദ്യം പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു വരാം. എന്റെ സുഹുര്തുക്കള്‍ ഹാറൂന്‍ , ലായിക്ക്  അവര്‍ രണ്ടു പേരും കുവൈറ്റിലെ സഭാ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. തികച്ചും മുന്കൂടി ഒരു വിവരം ലഭിച്ചതിനാലായിരുന്നു ആ സന്ദര്‍ശനം. ഒരു മലയാളി ആക്സിടെന്റ്റ് ആയി ഹോസ്പിറ്റലില്‍ ഉണ്ട്. അദ്ധേഹത്തെ ശ്രദ്ധിക്കാന്‍ ആരും ഇല്ല എന്ന് ഒരു ഡോക്ടര്‍ വഴി അറിഞ്ഞിരുന്നു. ഹോസ്പിറ്റലില്‍ എത്തിയപ്പോഴാണ് അദ്ദേഹം മരിച്ചിട്ട് രണ്ടു ദിവസമായി . ഇപ്പോള്‍ മോര്‍ച്ചറിയില്‍ ആണ്. ആരും അനേഷിച്ചു വന്നിട്ടില്ല എന്നറിഞ്ഞത്. അതെ ഞാന്‍ നേരത്തെ സൂചിപിച്ച കുഞ്ഞു മുഹമ്മദ്‌ എന്ന മുസ്തഫ. ഉടനെ അവര്‍ അദ്ധേഹത്തെ അട്മിട്റ്റ് ചെയ്ത ആളുകലുകളെ അനേഷിച്ചു കണ്ടെത്തി. അവരും ഈ മരണ വാര്‍ത്ത‍ അപ്പോഴാണ്‌ അറിയുന്നത്. ഹോസ്പിറ്റലില്‍ നിന്ന് അവരെ അറിയിച്ചില്ല എന്നാണ് അവര്‍ പറഞ്ഞത്. സാഹചര്യം അവരെ തിരിച്ചു അന്വേഷിക്കാനും അനുവദിച്ചു കാണില്ല. അതാണ്‌ പ്രവാസം സ്വന്തം അവസ്ഥ തന്നെ തുലാസില്‍ കിടന്നു തൂങ്ങുമ്പോള്‍ മറ്റുള്ളവരെ എങ്ങിനെ അന്വേഷിക്കും ?
നാട്ടില്‍ പോകാന്‍ തയ്യാറായി പാസ്പോര്‍ട്ട്‌ വാങ്ങാന്‍ പോകുമ്പോഴാണ് ആക്സിടെന്റ്റ് സംഭവിച്ചത്. ജീവിതത്തില്‍ ഒന്നും സമ്പാദിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടില്ല. ആറു വര്‍ഷത്തെ തുടര്‍ച്ചയാ പ്രവാസത്തിനു ശേഷം നാട്ടില്‍ പോയി എല്ലാവരെയും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു കാണും. മുപ്പത്തി അഞ്ചു വര്ഷം പല ഗള്‍ഫ്‌ നാടുകളിലായി പ്രവാസം അനുഭവിച്ച അദ്ദേഹത്തിന് നാട്ടില്‍ ഇന്നും ഒരു കുച്ച് വീട് മാത്രം ബാക്കി. അല്പം ഓടും പിന്നെ ഷീറ്റും ചേര്‍ത്ത് കേട്ടിയതാണെന്ന് അനേഷിച്ചപ്പോള്‍ അറിഞ്ഞത്. പ്രവാസികളുടെ കഥകള്‍ തുടരുന്നു. കഥാപാത്രങ്ങള്‍ മാത്രം മാറുന്നു.
ഒരു മകന്‍ അമീര്‍ നാട്ടില്‍ ഓടോ ഓടിച്ചു ഉപജീവനം നടത്തിപോന്നിരുന്നു. ഉപ്പാക്ക് ആക്സിടെന്റ്റ് അറിഞ്ഞ വാര്‍ത്ത നാട്ടില്‍ അറിയിക്കുകയും അദ്ധേഹത്തെ ഹോസ്പിറ്റലില്‍ ശുശ്രൂഷിക്കാന്‍ ആള് വേണം എന്ന് ഇവിടെ നിന്നും അഡ്മിറ്റ്‌ ചെയ്ത അദ്ധേഹത്തിന്റെ കൂടെ താമസിച്ചവര്‍ അറിയികുകയും പരിചയമുള്ള ഒരു കുവൈറ്റി വഴി വിസിറ്റ് വിസ അയച്ചു കൊടുക്കുകയും ചെയ്തു. ഉടനെ കുടുംബത്തിന്റെ ഏക ആശ്രയമായ ഓടോ വിറ്റു ടികെറ്റിനുള്ള പണം സ്വരൂപിച്ചു ഇങ്ങോട്ട് പുര്പെട്ടു. നിര്‍ഭാഗ്യ വശാല്‍ ഇവിടെ എത്തിയപ്പോള്‍ കേട്ടത് പിതാവിന്റെ മരണ വാര്‍ത്തയാണ്. പിന്നെ എല്ലാം ആവര്തങ്ങള്‍ , സുമനസ്സുകള്‍ എല്ലാവരും ചേര്‍ന്ന് ബോഡി നാട്ടില്‍ എത്തിക്കാനുള്ള ശ്രമമായി. ഒടുവില്‍ രണ്ടുനാള്‍ മുന്‍പ് പെരോത് കുഞ്ഞിമുഹംമെദ് മുസ്തഫ എന്ന പ്രവാസിയുടെ നീണ്ട മുപ്പതഞ്ഞു വര്‍ഷത്തെ പ്രവാസം അവിടെ പൂര്‍ണമായി. തിരിഞ്ഞു നോക്കുമ്പോള്‍ ആ സാധു ഒന്നും ബാക്കിവെചിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമായ മകന്‍ ആകെ ഉണ്ടായിരുന്ന ആശ്രയം ഓടോയും വിറ്റാണ് പിതാവിനെ ചികിത്സിക്കാന്‍ വന്നത്.
നമുക്കാകുന്ന ഒരു താങ്ങ് ആ കുടുംബത്തിനു ചെയ്തു കൊടുക്കെണ്ടാതില്ലേ? ഉണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു കൊടുക്കണം ..നന്നേ ചുരുങ്ങിയത് കുടുംബം പുലര്‍ത്താന്‍ ഒരു ഓടോ എങ്കിലും വാങ്ങാന്‍ സഹായിക്കണം. അറിയാം ഇത്തരം സംഭവങ്ങള്‍ എന്നും നമ്മള്‍ കേള്‍കുന്നു . സഹായിക്കുന്നു.. ഒരിക്കലും അതിനു ഒരു അവസാനം ഉണ്ടാവില്ല. പ്രവാസിയുടെ മനസ്സ് ദൈവം പ്രതേകം ചിട്ടപെടുതിയടാണ്. അവന്റെ മനസ്സില്‍ എന്നും ഒരല്‍പം ആര്‍ദ്രത നിരകൊണ്ടിരിക്കും..അവന്റെ സഹജീവിയോടുള്ള അവനറിയാത്ത ഒരു ബന്ധം. നമുക്കും ശ്രമിക്കാം ഈ പ്രവാസിക്ക് വേണ്ടി..അല്പം സഹായവും അതില്‍ കൂടുതല്‍ പ്രാര്‍ത്ഥനയും.
എന്നെ ബന്ധപെടാന്‍ 00965 97649639 എന്ന നമ്പരില്‍ വിളിക്കാം..