2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍ - ഭാഗം ഒന്നും രണ്ടും...

ഇത് എന്റെ ഒരു പഴയ പോസ്റ്റും അതിന്റെ തുടര്ച്ചയുമാണ്.. പലരും അന്ന് അതിന്റെ തുടര്‍ച്ച അവശ്യ പെട്ടെങ്കിലും പൂര്‍ത്തിയാക്കാന്‍ അല്പം താമസിച്ചു.. ക്ഷമിക്കുമല്ലോ..
ഭാഗം ഒന്ന്..

വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ്‌ കാള്‍ ഉണ്ട്. അതും ലാന്‍ഡ്‌ ലൈനില്‍ നിന്ന്. അറിയാത്ത നമ്പര്‍ ആയതിനാലും തിരിച്ചു വിളിച്ചാല്‍ കാശ്ആകും എന്ന് തോന്നിയതിനാലും ഫോണ്‍ അടുതുവെച്ചു വീണ്ടും കിടന്നു. പക്ഷെ ,പഴയത് പോലെ ഉറക്കം വരുനില്ല.
അല്‍പസമയം കഴിഞ്ഞു വീണ്ടും ഫോണ്‍ വന്നു. ഫോണ്‍ എടുത്തു. അങ്ങേത്തലക്കല്‍ ഒരു പതിഞ ശബ്ദം ഹലോ അന്‍വര്‍ അല്ലെ ? അതെ ,ഞാന്‍ ശരീഫ്‌ , മണികണ്ടന്‍ വിളിക്കാന്‍ പറഞ്ഞിട്ട് വിളിക്കുകായ...
ഏതു മണികണ്ടന്‍?
മഹ്ബുള്ളയിലെ ക്യാമ്പില്‍ ഉള്ള...അതെ അവിടെ ഉള്ള ....അവിടെ ക്ലീനിംഗ് കമ്പനിയില്‍ വന്നു കുടുങ്ങിയ കുറെ മലയാളികളെ നിങ്ങള്‍ സഹായിചിടുണ്ട് എന്ന് അവര്‍ പറഞ്ഞു..
ഹാ.. ഞാനെല്ലാ സഹായിച്ചത്..ഞാന്‍ ഒരു നിമിത്തം മാത്രം ..അതിനുപിന്നില്‍ ഒരുപാടു ആളുകളുടെ .പ്രയത്നം ഉണ്ട്....അത് പോട്ടെ നിങ്ങള്‍ വിളിച്ചത്?
എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഒരു വര്‍ഷമായിട്ട് എനിക്ക് അക്കാമ ഇല്ല. താമസിക്കാനോ ഭക്ഷണത്തിനോ ഒരു മാര്‍ഗവും ഇല്ല...
.അല്ല നിങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ പറഞ്ഞാല്‍ ഒന്നും എനിക്ക് മനസിലാകില്ല..ഒരു കാര്യം ചെയ്യ്..നിങ്ങളുടെ മൊബൈല്‍ നമ്പര്‍താ..ഞാന്‍ പിന്നീട് നിങ്ങളെ വിളിക്കാം എന്നിട്ട് വേണ്ടത് ചെയ്യാം.
..എനിക്ക് മൊബൈല്‍ നമ്പര്‍ ഇല്ല...പൈസ അടക്കാതതുകാരണം അത് ഇപ്പോള്‍ കട്ടായിരികുന്നു.. പതിഞ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു...
എങ്കില്‍ ഒരു കാര്യം ചെയ്യു..ഞാന്‍ ഫഹാഹീലില്‍ ആണ് താമസം..ഇങ്ങോട്ട് വരുവാന്‍ പറ്റുമെങ്ങില്‍ നേരിട്ട് സംസാരിക്കാമായിരുന്നു ..ഞാന്‍ പറഞ്ഞു.
..അതിനെന്താ ..ഞാന്‍ വരാം ..
.വരേണ്ട സ്ഥലം ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തു..തിരിച്ചറിയാന്‍ അദേഹം ധരിച്ചിരുന്ന ഷര്‍ട്ട് ന്റെ നിറവും കയ്യിലെ കവറിന്റെ നിറവും പറഞ്ഞു തന്നു..
നല്ല ചൂടാണ് പുറത്തു...എന്നാലും ഒരു നല്ല കാര്യത്തിനല്ലേ എന്ന് കരുതി ഏകദേശം അദ്ദേഹം എത്താനുള്ള ടൈം കണക്കാക്കി പുറത്തിറങ്ങി. ചൂടില്‍ പുറത്തിറങ്ങാന്‍ നിങ്ങള്ക്ക് വട്ടാണന്ന ഭാര്യയുടെ കമന്റ്സ് ഒരു ചിരിയില്‍ ഒതുക്കി...
അയാള്‍ പറഞ്ഞ സ്ഥിതിക്ക് എത്തേണ്ട സമയം കഴിഞ്ഞു ഏകദേശം അരമണി കൂറായികാണും ...ആളെ മാത്രം കാണാനില്ല. ചൂടില്‍ ഇങ്ങിനെ നിന്നപ്പോള്‍ ഭാര്യ പറഞ്ഞത് സത്യം തന്നെയാണെന്നു തോനിപ്പോയി.. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം പരതി.ഒരു ബംഗാളിയെ മാത്രം അവിടെ കണ്ടു.. . വളരെ വൃത്തി ഹീനമായി അവിടെ ഇരിപുണ്ട്.. മനസ്സില്‍ അല്പം അമര്‍ഷവും ഭാര്യയുടെ കളിയാക്കലും പേടിച്ചു വീടിലേക്ക്‌ തന്നെ മടങ്ങാന്‍ തീരുമാനിച്ചു..
അപ്പോഴാണ് ബംഗാളിയുടെ കയ്യിലെ കവര്‍ ശ്രദ്ധയില്‍ പെട്ടത്..
അതെ ശരീഫ്‌ പറഞ്ഞ അതെ ചുവന്ന കവര്‍.. പക്ഷെ ഇത്ര വൃത്തി ഹീനമായ രീതിയില്‍ ഒരു മലയാളി...ഹേ...അങ്ങിനെ വരാന്‍ ചാന്‍സ് ഇല്ല...കുറച്ചു നേരം കൂടെ കാത്തു നില്‍ക്കാം ...
.പിന്നീടുള്ള എന്റെ ഓരോ നിമിഷവും കവര്‍ പിടിച്ച ബംഗാളിയില്‍ ഒരു മലയാളിയെ കണ്ടതാനുള്ള പരിശ്രമമായിരുന്നു. പതിയെ പതിയെ ബംഗാളിയുടെ മുഖം ഒരു മലയാളിയെ പോലെ തോന്നാന്‍ എന്റെ മനസ് നിര്‍ബന്ധിച്ചു.. പിന്നെ രണ്ടും കല്പിച്ചു അയാളോട് ചോദിച്ചു...ബായി സാബ് ആപ് മലയാളി ഹേ?
അതെ ഞാന്‍ ശരീഫ്‌...... ഒരു ചോദ്യം എപ്പോഴോ പ്രതീക്ഷിച്ചു നില്കുന്നത് പോലെ അയാള്‍ മറുപടി പറഞ്ഞു.
. അദേഹത്തിന്റെ മുഷിഞ വസ്ത്രത്തില്‍ നിന്നുള്ള അളിഞ്ഞ മണം എന്നെ വല്ലാതെ ആലോസരപെടുത്തി.. ഇത്ര വൃത്തിയില്ലാത്ത ഒരു മനുഷ്യനാണോ എന്റെ സഹായം ഞാന്‍ നല്‍കേണ്ടത്.. ഒരു മിനിമം മലയാളിയുടെ മുദ്രയാണ് വൃത്തി എന്നത്..അതുപോലും ഇല്ലാത്ത ഇയാള്‍ക്ക് എന്ത് സഹായം നല്‍കാന്‍...!!
കുറച്ചു ഈര്‍ഷ്യത്തോടെ ഞാന്‍ ചോദിച്ചു ..എന്താ നിങ്ങളുടെ പ്രശ്നം.. വ്യക്തമായ കാര്യങ്ങള്‍ അറിയാതെ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. മാത്രമല്ല ഇതിനു വേണ്ടി ഫണ്ട്‌ പിരിച്ചു സൂക്ഷിച്ചിട്ടും ഇല്ല.. ആവശ്യകാര്‍ക്ക് എന്റെ സ്നേഹിതര്‍ വഴി പിരിവെടുത്തു ചെറിയ സഹായങ്ങള്‍ നല്‍കും അത്ര മാത്രം..
നിങ്ങളെ ബുധിമുട്ടിച്ചടില്‍ ക്ഷമിക്കണം.. മണികണ്ടന്‍ പറഞ്ഞപ്പോള്‍ ഒന്ന് വിളിച്ചതാണ്.. ഇഷ്ടമുണ്ടയിടല്ല ..ഒരു ഗതിയും ഇല്ലാഞ്ഞിട്ടാണ്.. പ്രയസമായങ്ങില്‍ ഞാന്‍ പൊയ്കോളാം...അയാള്‍ പറഞ്ഞു.
.എന്റെ വാക്കുകള്‍ അദേഹത്തെ വേദനിപിചിടുണ്ട് എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസിലായി..ആദ്യമായിട്ടാണു ഒരു സഹായം തേടി വന്നവനോട്‌ ഇത്ര ദേഷ്യത്തില്‍ പെരുമാറിയത്.. വേണ്ടായിരുന്നു..അപ്പോള്‍ പെട്ടന്ന് ഓര്മ വന്നത് പ്രവാചക സന്നിധിയില്‍ കടന്നു വന്ന അന്ധനെ പ്രവാചകന്‍ ശ്രധിക്കതിരുന്നപോള്‍ അതിനെ വിലക്കികൊണ്ട് ദൈവ വാക്യം ഇറങ്ങിയതാണ്..
.പാടില്ലായിരുന്നു എന്ന് അപ്പോള്‍ മനസ് മന്ദ്രിച്ചു.
.സഹോദര വരൂ , നല്ല ചൂടുണ്ട് ...നമുക്ക് വീട്ടില്‍പോയി സംസാരിക്കാം.. ഞാന്‍ പറഞ്ഞു...
വേണ്ട ...എന്റെ കാര്യങ്ങള്‍ വേകം പറഞ്ഞു ഞാന്‍ പൊയ്കോളാം ...
എന്റെ സംസാരത്തിലെ പെട്ടനുള്ള മാറ്റമോ അതോ എന്നില്‍ വലിയ പ്രതീക്ഷ നല്‍കേണ്ടതില്ല എന്ന തിരിച്ചറിവോ അദ്ധേഹത്തെ അങ്ങിനെ പറയാന്‍ പ്രേരിപിച്ചുകാണും.

ഭാഗം രണ്ടു :

വരൂ
, ചൂടില്‍ നിന്ന് സംസാരിച്ചാല്‍ ശരിയാവില്ല. എന്തായാലും ഇത്ര ദൂരം എന്നെ കാണാന്‍ വേണ്ടി മാത്രം വന്നതല്ലേ..എന്റെ ഫ്ലാറ്റ് ഇവിടെ അടുത്താണ്. ..വലിയ പ്രതീക്ഷ ഇല്ലാതെ അയാള്‍ എന്റെ കൂടെ പോന്നു.. അയാളുടെ വിയര്‍പ്പിന്റെ ഗന്ധം എന്നെ വല്ലാതെ അലൂസരപെടുത്തുന്നുണ്ടായിരുന്നു. പേരെന്താണ് പറഞ്ഞത്? ശരീഫ്‌ നാട്ടില്‍ ? തൃശൂര്‍ ഇവിടെ വന്നിട്ട്? രണ്ടു വര്ഷം ... എന്റെ ഓരോ ചോദ്യങ്ങള്‍ക്കും അലക്ഷ്യമായിട്ടാണ് അയാള്‍ മറുപടി പറഞ്ഞത്.. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കിടയില്‍ പലരെയും പലവിതത്തിലും സഹായിക്കാന്‍ ശ്രമിചിടുണ്ട്.. പക്ഷെ, ഇദ്ദേഹത്തിന്റെ സംസാരം കേട്ടാല്‍ ഉള്ള താത്പര്യം കൂടെ നഷ്ടപെടുന്നതായി തോന്നി. ലിഫ്റ്റില്‍ കയറി റൂമില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല.. ഇയാളെ എങ്ങിനെ ഒഴിവാക്കും എന്നതിനെ കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഞാന്‍ റൂമിലേക്ക്‌ കടന്നത്.. ഇവനില്‍ നിന്നും വല്ല സഹായവും കിട്ടും എന്ന് തോന്നുനില്ല ,എത്രയും പെട്ടന്ന് വേറെ വല്ലവരെയും സമീപികുന്നതും ബുദ്ധി എന്ന് ശരീഫും കരുതിയിരിക്കണം.. ശരീഫ്‌ നിങ്ങള്‍ ഇരിക്കൂ ഞാന്‍ ഇപ്പോള്‍ വരാം .എന്ന് പറഞ്ഞു ഞാന്‍ ബെഡ് രൂമില്ലേക്ക് കടന്നു. ..ഇതൊരു പറ്റിപ്പ്‌ കേസ് ആണെന്ന തോനുന്നത്...വിളിച്ചു പോയില്ലേ എന്തെങ്കിലും പറഞ്ഞു ഒഴിവാക്കണം.. നീ അല്പം ചായ എടുക്കു...എന്ന് ഭാര്യായോട് പറഞ്ഞിട്ട് ഞാന്‍ ശരീഫിന്റെ അടുത്തേക്ക് വന്നു... കാഴ്ച എന്റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു... ശരീഫിന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.. കരയാതിരിക്കാന്‍ വല്ലാതെ പടുപെടുന്നതായി തോന്നി..അയാളുടെ മുഴുവന്‍ പ്രശ്നങളും ഒരൊറ്റ കണ്ണീരിലൂടെ എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു.. അത്രയും നേരം എന്റെ മനസ്സില്‍ തോന്നിയ ഈര്ശ്യവും ദേഷ്യവും പെട്ടന്ന് ഉരുകി പോകുന്നതായി തോന്നി... ശരീഫ്‌ ....എന്തായിത്‌ കൊച്ചു കുട്ടികളെ പോലെ .....പരിഹാരം ഇല്ലാത്ത വല്ല പ്രശ്നങളും ഉണ്ടോ ഇവിടെ..നിങ്ങള്‍ സമാധാനിക്കു... ഞാന്‍ ശരീഫിനെ എന്നോട് ചേര്‍ത്ത് പിടിച്ചു...അത്രയും നേരം എന്നെ അലട്ടിയിരുന്ന അദേഹത്തിന്റെ വസ്ത്രത്തിലെ ദുര്‍ഗന്ധം എന്നെ അപ്പോള്‍ ആലോസരപെടുതിയില്ല...എനിക്ക് ദൈവം തന്ന സൌകര്യങ്ങളില്‍ ഞാന്‍ അല്പം അഹങ്കരിചിരുന്നതായ്‌ അപ്പോള്‍ എനിക്ക് തോന്നി...ശരീഫിന്റെ കണ്ണുനീരിനു മുമ്പില്‍ എരിഞ്ഞടങ്ങാന്‍ മാത്രം ഉള്ളു എന്റെ സൌകര്യങ്ങള്‍ എന്ന് ഞാന്‍ അപ്പോള്‍ മനസിലാക്കി. ശരീഫ്‌ ...നിങ്ങള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചോ...ഞാന്‍ അല്പം എടുകട്ടെ... വേണ്ട..ഞാന്‍ കഴിച്ചതാണ്.. എന്നാല്‍ ഞാന്‍ അലപം ചായ എടുക്കാം... അയാള്‍ വല്ലതും പറയുന്നതിന് മുന്‍പ് ഭാര്യ ഉച്ചക്ക് ഉണ്ടാക്കിയ പായസത്തില്‍ നിന്നും അല്‍പ്പം കൊണ്ട് വന്നു കൊടുത്തു.. അയാള്‍ അല്‍പ്പം അതില്‍ നിന്നും കുടിച്ചടിനു ശേഷം അതിലേക്കു തന്നെ കുറെ നേരം നോക്കിനികുന്നത് കണ്ടു... എന്തായിരിക്കും അയാള്‍ അപ്പോള്‍ ഓര്‍ത്തിരിക്കുക? മധുര സല്‍ക്കാരം എന്തായാലും അയാള്‍ ഇഷ്ടപെടാന്‍ തരമില്ല. തന്റെ കുടുംബത്തെ കുറിച്ച്, മക്കളെ കുറിച്ച് അയാള്‍ ഓര്‍ത്തിരിക്കണം..അവരുമായി കഴിഞ്ഞ നല്ല നിമിഷങ്ങള്‍ മനസിലൂടെ കടന്നു പോയിക്കാണും..അങ്ങിനെ എനിക്ക് തോന്നാന്‍ കാരണം എന്റെ മകളെയും എന്റെ കൂടെ താമസിക്കുന്ന എന്റെ സ്നേഹിതന്റെ മക്കളെയും അയാള്‍ മാറി മാറി നോക്കുനത് ഞാന്‍ കണ്ടു.. കുറച്ചു സമയം ഒന്നും സംസാരിക്കാതെ ഞാനും അയാളും വിത്യസ്തമായ ചിന്തകളില്‍ മുഴുകി. രണ്ടു വര്‍ഷമായി ഞാന്‍ വന്നിട്ട്..കുറെ പ്രതീക്ഷകള്‍ വെച്ചാണ്‌ വന്നത്..ഏകദേശം ഒരു ലക്ഷം രൂപ ചിലവായി ഇങ്ങോട്ട് വരാന്‍. എജെന്റ്റ്‌ വലിയ വലിയ വക്താനങ്ങള്‍ ആണ് തന്നത്. ഇതിനു മുന്‍പ് സൌദിയില്‍ പോയിടുണ്ട്. അതുകൊണ്ട് തന്നെ കുറെ ഒക്കെ കാര്യങ്ങള്‍ അറിയാം..എന്നാലും ഇങ്ങിനെ ഒരവസ്ഥ ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാള്‍ പറഞ്ഞു തുടങ്ങി. എല്ലാം കേട്ട് പഴകിയ സംഭവങ്ങള്‍.. സ്ഥലവും വ്യക്തികളും മാറുന്നു. എത്ര എത്ര ജീവിതങ്ങളാണ് മരുഭൂമിയില്‍ ഹോമിക്കപെടുന്നത്. എന്തെല്ലാം പ്രതീക്ഷകള്‍. !!! കാള്‍ ടാക്സി ഡ്രൈവര്‍ ആയിട്ടാണ്‌ വിസ..നാട്ടില്‍ പറഞ്ഞതനുസരിച്ച് പുതിയ കാര്‍ ലഭിക്കും. സ്വതന്ത്രമായി എവിടെയും യാത്ര ചെയ്യാം ..ഒരു ദിവസം 7 ദിനാര്‍ വാടകയിനത്തില്‍ നല്‍കണം. ഒരു വര്ഷം കഴിഞ്ഞാല്‍ കാര്‍ സ്വന്തമായി എടുക്കുകയും ചെയ്യാം.. വളരെ നല്ല ഡീല്‍. ഒരു സാധാരണ ജീവിതം നയിക്കാന്‍ ഇത് ധാരാളം. പക്ഷെ , കുവൈറ്റില്‍ എത്തിയപ്പോഴാണ് അയാളെ കാത്തിരിക്കുന്ന ചതി തിരിച്ചറിയാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വണ്ടിയാണ് നല്‍കിയത്..അത് ഉപയോഗിക്കാന്‍ അയാള്‍ തയ്യാറായില്ല. പിന്നെ എജെന്റ്റ്‌ അയാളെ അനുനയിപിക്കാനുള്ള ശ്രമം തുടങ്ങി. അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഉടമസ്ഥന്‍ അറബിയുടെ ശ്രമം ആയി. അനുസരികുനില്ല എന്ന് കണ്ടപ്പോള്‍ ഭീഷണിയും ഉപദ്രവും ആയി. അയാളെ കള്ളകേസില്‍ കുടുക്കി അകത്താക്കും എന്ന ഭീഷണിക്ക് മുന്നില്‍ അയാള്‍ക്ക്‌ വഴങ്ങേണ്ടി വന്നു. വലിയ പ്രയാസങ്ങള്‍ ഒന്നും ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോകുമ്പോഴാണ് കാര്‍ ഒരു ആക്സിടെന്റ്റ്‌ സംഭവിച്ചത്. അത് അയാളുടെ ജീവിതത്തെ ശരിക്കും വരിഞ്ഞു മുറുക്കി. കമ്പനി വഴിക്ക് തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. മാത്രമല്ല ഇന്‍ഷുറന്‍സ് കഴിഞ്ഞ കാര്‍ ആയതിനാല്‍ നഷ്ടപരിഹാരം മുഴുവനായും അദ്ധേഹത്തിന്റെ തന്നെ ചുമലില്‍ വന്നു..ഏകദേശം ഒരു ലക്ഷം രൂപ ചെലവ് വരും.. ഇവിടെ ഇത്രയും തുക എവിടെ നിന്നും സങ്കടിപ്പിക്കാന്‍ കഴിയും.. വീണ്ടും നാട്ടില്‍ നിന്നും ഉള്ള സ്വത്തു പണയപെടുത്തി കാശ് വരുത്തി പ്രശ്നം സോള്‍വ് ചെയ്തു..പിന്നീട് കമ്പനി ഒരു കാര്യത്തിനും തിരിഞ്ഞു നോക്കിയില്ല.. കാര്‍ ഓടിയും വര്‍ക്ക്‌ ഷോപ്പില്‍ കയറിയും അങ്ങിനെ ജീവിതം തള്ളിനീക്കി.. കാലയളവില്‍ കുടുംബത്തിനു വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.. ഉപ്പാക്ക് ചെറിയ ജോലി ഉള്ളതുകൊണ്ട് കുട്ടികള്‍ പട്ടിണി കിടന്നില്ല. കടം വീട്ടാനുള്ള വഴികള്‍ ആലോചിച്ചു നില്‍കുമ്പോഴാണ് അടുത്ത പ്രഹരം എന്നെ തേടി വന്നത്.. പിന്നെ അദ്ദേഹം കുറെ നേരം മിണ്ടാതിരുന്നു.. കുട്ടികള്‍ അയാള്‍ക്ക് ചുറ്റും വട്ടം കൂടി നിന്നു..എന്റെ കൊച്ചു മകള്‍ നച്ചു അയാളുടെ കയ്യില്‍ ഉണ്ടായിരുന്ന കവറില്‍ പിടിച്ചു കളിയ്ക്കാന്‍ തുടങ്ങിയിട്ട് കുറെ നേരം ആയി..അവള്‍ കരുതി അവള്കുള്ള ചോക്ലാറ്റ്‌ ആയിരിക്കും അത് നിറയെ.. ശരീഫിന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു.. അടുക്കളയില്‍ നിന്നും എന്റെ ഭാര്യയും സ്നേഹിതന്റെ ഭാര്യയും എല്ലാം കേള്കുനുണ്ടായിരുന്നു... മകള്‍ കവറില്‍ കളി കൂടുതലയപ്പോള്‍ ശരീഫ്‌ മോളോട് പറഞ്ഞു..അതില്‍ മോള്‍ക്ക്‌ പറ്റിയത് ഒന്നും ഇല്ല.. എന്നിട് കവറില്‍നിന്നും ഒരു ചെറിയ കവര്‍ എടുത്തിട്ട് എനിക്ക് നീട്ടി.. ഇതാണ് എന്റെ സമ്പാദ്യം ... ഞാന്‍ അത് വാങ്ങി തുറന്നു നോക്കി... രണ്ടു ഫോട്ടോകള്‍ ... ഒന്നില്‍ രണ്ടു മിടുക്കരായ അന്കുട്ടിയും പെണ്‍കുട്ടിയും..അടുത്തത് ഒരു ഫാമിലി ഗ്രൂപ്‌ ഫോട്ടോ.. എനിക്ക് ചിത്രങ്ങള്‍ കണ്ടിട്ട് ഒന്നും മനസിലായില്ല... ഇതാരുടെ ഫോടോയ...ഞാന്‍ ചോദിച്ചു... ഇതാണ് എന്റെ കുടുംബം...ഭാര്യാ , മകള്‍ , മകന്‍ പിന്നെ ഞാനും... ഞാന്‍ ശരിക്കും അന്താളിച്ചു പോയി....എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല...എന്റെ മുന്നില്‍ മണമടിച്ചു കരിവാളിച്ച്‌ ഇരുക്കുന്ന ആളാണോ ഫോട്ടോയില്‍ കാണുന്നത്.. ജീവിതം ഇങ്ങിനെ ഒരാളെ മാറ്റിമാറിക്കുമോ എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചു പോയി...അടുക്കളയില്‍ നിന്നും ഭാര്യം സ്നേഹിതന്റെ ഭാര്യയും വന്നു ഫോട്ടോ വാങ്ങി..അവര്‍ ഫോട്ടോയിലേക്കും ശരീഫിലെക്കും മാറി മാറി നോക്കികൊണ്ടിരുന്നു... എനിക്ക് കിട്ടിയാ അനുഗ്രഹങ്ങളെ ഞാന്‍ പലപ്പോഴും ഓര്ക്കാറില്ലായിരുന്നു... മാത്രമല്ല ഇനിയും ഇനിയും എന്ന ആര്‍ത്തിയും നമ്മുക്ക് പലര്‍ക്കും ഉണ്ടാകും..ഞാന്‍ ഇത് കണ്ടപ്പോള്‍ മനസ്സുകൊണ്ട് ദൈവം തമ്പുരാനെ സ്തുദിച്ചു..ഇതെല്ലം നമ്മള്‍ ദൈവത്തോട് നന്ദി ഉള്ളവരാവാന്‍ ഒരു ഓര്‍മപെടുത്തല്‍ കൂടിയാണെന്ന് ഞാന്‍ കരുതി.. ശരീഫ്‌ വീണ്ടും പറഞ്ഞു തുടങ്ങി...അബ്ദലിയിലേക്ക് ഒരു ഓട്ടം ലഭിച്ചു , അങ്ങോട്ട്‌ പോയതാണ് എന്റെ എല്ലാ പ്രദീക്ഷകളും അസ്ഥാനതാക്കിയത്..അതോടു കൂടി ഇനി എന്റെ പ്രയത്നങ്ങള്‍ക്ക് ഫലം ഇല്ലന്നു ഞാന്‍ ഉറപ്പിച്ചു.. അവന്‍ പറഞ്ഞു തുടങ്ങി..ടാക്സി ഓടികൊണ്ടിരിക്കുന്ന സമയത്ത് നാലു കുവൈറ്റി യുവാക്കള്‍ വന്നിട്ട് അബ്ദലിയിലേക്ക് ഒരു ട്രിപ്പ്‌ വിളിച്ചു.. ഞാന്‍ അവശ്യ പെട്ട പ്രകാരം 20 KD തരാം എന്ന് എല്ക്കുകയും 15 KD അപ്പോള്‍ തന്നെ തരുകയും ചെയ്തു..മാന്ന്യമായ പെരുമാറ്റം...20 KD ഒരു ചെറിയ സംഖ്യ അല്ല..അങ്ങിനെ യാത്ര ആരംഭിച്ചു...ചെറുപ്പക്കാര്‍ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല..ഞാന്‍ ശരിക്കും സമാധാനിച്ചു...മാത്രമല്ല ഇത്രയും നല്ല കുവൈറ്റി ചെരുപ്പകാരെ കാണുന്നത് തന്നെ ആദ്യം.. അങ്ങിനെ വളരെ ദൂരം ചെന്നപ്പോള്‍ അവരില്‍ ഒരുത്തന്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപെട്ടു.. ഞാന്‍ നിര്‍ത്തുകയും അവര്‍ കാറില്‍ നിന്നും ഇറങ്ങി കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങി.. ഒരുത്തന്‍ അതിനിടയില്‍ ഒരു സ്പൂണ്‍ എടുത്തു അതില്‍ അല്‍പ്പം എന്തോ ചേര്‍ത്ത് അതിനടിയില്‍ തീ കാണിക്കാന്‍ തുടങ്ങി.. എനിക്ക് പേടിയായി..ചുറ്റും മരുഭൂമി ....എന്ത് ചെയ്യണം എന്നറിയില്ല.. വിളിച്ചു കൂവിയാല്‍ ഒരാളും കേള്‍ക്കാനില്ല.. എന്റെ പന്തികേട്‌ മനസിലായപ്പോള്‍ ഒരുത്തന്‍ പറഞ്ഞു അവനു ഇടയ്ക്കു തല വേദന വരും അതിനുള്ള മരുന്നാണ് ഇത്..നീ പേടിക്കേണ്ട...മനസ്സില്‍ ഭയം ഉണ്ടെങ്കിലും വാക്ക് വിശ്വസിക്കാനാണ് അപ്പോള്‍ എനിക്ക് തോന്നിയത്.. വീണ്ടും യാത്ര തുടര്‍ന്ന് കാറില്‍ നിന്നും അവര്‍ പരസ്പരം എന്തെല്ലാമോ വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നുണ്ടായിരുന്നു.. മനസ്സ് വല്ലാതെ പതറുന്നത് ഞാന്‍ അറിഞ്ഞു.. വണ്ടി തിരിക്കൂ.. ഒരുത്തന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ എന്റെ ചിന്തകളില്‍ നിന്നും ഉണര്‍ന്നതു. നമുക്ക് തിരിച്ചു പോകാം..ഇന്നു ഇനി ഉദേശിച്ച കാര്യം നടകില്ല...അയാള്‍ പറഞ്ഞു.. ഞാന്‍ ആശ്വസിച്ചു ...മാക്സിമം സ്പീഡില്‍ തന്നെ ഞാന്‍ വാഹനം ഓടിക്കാന്‍ തുടങ്ങി...എത്ര സ്പീഡ് കൂടിയിട്ടും കൂടാത്തത് പോലെ അനുഭവപെട്ടു.. പിന്നെ എല്ലാം വളരെ പെട്ടന്നാണ് സംഭവിച്ചത്.. .എനിക്ക് അവര്‍ ആദ്യം തന്ന കാശ് അവരില്‍ ഒരുത്തന്‍ തിരിച്ചു ചോദിച്ചു...കാര്‍ അപ്പോള്‍ ഒരു വിജനമായ സ്ഥലത്ത് പാലത്തില്‍ നിനും താഴേക്ക്‌ ഇറങ്ഞുകയായിരുന്നു.. ഇല്ല കാശ് ഞാന്‍ തരില്ല...ഞാന്‍ ഇത്രയും ദൂരം നിങ്ങള്ക്ക് വേണ്ടി കാര്‍ ഓടിച്ചതാണ്... പെട്ടന്ന് ഒരുത്തന്‍ എന്റെ കഴുത്തിന്‌ പിടിക്കുകയും ബ്രൈക്ക് കേബിള്‍ പോലുള്ള എന്തോ ഒന്ന് വച്ച് എന്റെ കഴുത്തില്‍ വരിഞ്ഞു മുറുക്കാനും തുടങ്ങി...എനിക്ക് ശ്വാസം നഷ്ടപ്പെട്ട്... എന്റെ കണ്ണുകള്‍ അടഞ്ഞു.. എല്ലാം അവസാനിക്കുകയാണെന്ന് അപ്പോള്‍ എനിക്ക് തോന്നി... പിന്നെ ബോധം വന്നപ്പോള്‍ ഞാന്‍ ആശുപത്രിയില്‍ ആണ് ..അതിലെ വാഹനം ഓടിച്ചു വന്ന ഏതോ ഒരു കുവൈറ്റി വിളിച്ചു പറഞ്ഞത് പ്രകാരം ആംബുലന്‍സ്‌ വന്നു എടുത്തു കൊണ്ട് വന്നതാണ്‌... കഴുത്തിലും കാലിലും അസഹ്യ മായ വേദന..കാലിലേക്ക് നോക്കിയപ്പോള്‍ ഒരു വലിയകെട്ട്.... മലയാളിയായ സിസ്റ്റര്‍ അടുത്ത് വന്നു ചോദിച്ചു എന്താണ് സംഭവിച്ചത് എന്ന്...കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു...ഞാന്‍ ആശുപത്രിയില്‍ എത്തിയ സമയം വെച്ച് നോക്കുമ്പോള്‍ ഏകദേശം 30 മണിക്കൂര്‍ ഞാന്‍ റോഡില്‍ കിടന്നിടുണ്ട്.. അതിനിടയില്‍ പട്ടികള്‍ വന്നു എന്റെ കാല്‍ കടിച്ചു വലിച്ചതൊന്നും ഞാന്‍ അറിഞ്ഞിടില്ല...കാറില്‍ ഒരുകാല്‍ പുറത്തു കിടകതക്ക രൂപത്തിലാണ് ഞാന്‍ കിടന്നിരുനതെന്ന് ആംബുലന്‍സ്‌ ഡ്രൈവര്‍ സിസ്റ്റര്‍ന്റെ പറഞ്ഞിരുന്നു... ദൈവമേ എന്തൊരു പരീക്ഷണം... തന്റെ കുടുംബത്തിനും തനിക്കും ഒരു തണലാകും എന്ന് കരുതിയാണ് ഓരോ പ്രവാസിയും കടല്‍ കടക്കുന്നതു...പക്ഷെ, ഓരോ ദുരിതങ്ങള്‍ അവന്‍ അറിയാതെ അവനെ പിടികൂടി കൊണ്ടിരിക്കും.. ഓരോ പ്രവാസിയും ഓരോ നരിപ്പോടുമായാണ് ഓരോ ദിനവും തള്ളിനീകുന്നത്... ഏറ്റകുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം... ശരീഫിനു ഇന്ന് കിടക്കാന്‍ ഇടമില്ല.. പ്രശ്നങ്ങള്‍ക്കിടയില്‍ അക്കാമ തീര്‍ന്നു...ജോലി ഇല്ല... ചുവന്ന കവറില്‍ അലക്കി തേച്ച ഒരു ജോഡി ഡ്രസ്സ്‌ ഉണ്ട്.. ആഴ്ചയില്‍ ഒരിക്കല്‍ അത് മാറ്റിഉടുക്കും... പള്ളികളില്‍ , എയര്‍പോര്‍ട്ടില്‍ എന്നിവിടങ്ങളില്‍ രാത്രി ഉറക്കം അഭിനയിക്കും. ..മക്കളെ വിളിക്കാന്‍ ഞാന്‍ ആവശ്യപെട്ടു....ഉടനെ ഞാന്‍ എന്തിനു അവരെ വിളിക്കണം.. അവരോട് ഞാന്‍ എന്താണ് പറയേണ്ടത്.. എല്ലാം അവര്‍ക്കറിയാം...എങ്ങിനെ എങ്കിലും എന്നെ ഒന്ന് നാട്ടില്‍ എത്തിച്ചു തരണം ......എനിക്ക് ആരും ഇല്ല....പടച്ചോന്‍ നിങ്ങള്ക്ക് പുണ്യം തരും... ആളുകളുടെ മുന്നില്‍ കൈ നീട്ടി ഞാന്‍ മടുത്തു.. .എനികൊന്നു ഭ്രാന്തായിരുനെങ്കില്‍ എത്ര നന്നായിരുന്നു...അയാള്‍ പറഞ്ഞു നിര്‍ത്തി...