2009, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

കൂതറ അവലോകനം; കുറച്ചു കടന്നു പോയില്ലേ തിരുമേനി ??

കൂതറ അവലോകനം വായിച്ചപ്പോള്‍ യഥാര്‍ത്ഥ വിഷയങ്ങളെ മനസ്സിലാകാതെയാണ് വിലയിരുതിയിരികുനത് എന്ന് തോന്നിപോയി. തീവ്രവാദം എന്നത് ഒരു പ്രതേക മതത്തിന്‍റെ ഭാഗം അല്ല. അത് വേറെ ഒരു മതം തന്നെയാണ്. എന്തിനേയും ഏതിനെയും ഇസ്ലാമിന്‍റെ മേലില്‍ അടിച്ചേല്പികുന്നത് പടിഞ്ഞാര്‍ന്‍റെ തന്ത്രമാണ്. യഥാര്‍ത്ഥത്തില്‍ 1989ല്‍ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിനുശേഷമുള്ള ഏറ്റവും വലിയ കലാപമായാണ് മാധ്യമങ്ങള്‍ പുതിയ സംഭവവികാസത്തെ വിലയിരുത്തുന്നത്. തിബത്തിലെ ലാമ പ്രക്ഷോഭം ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തിയിട്ട് കാലമധികമായിട്ടില്ല. അതിനിടയിലാണ് മറ്റൊരു മതകീയ ന്യൂനപക്ഷം കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അധികാരശക്തിയെ പരസ്യമായി വെല്ലുവിളിക്കുന്നത്. സിങ്ക്യാംഗും തിബത്തും പലനിലക്കും സമാനത പുലര്‍ത്തുന്നുണ്ട്. അധിനിവേശത്തിലൂടെ ചൈന സ്വന്തം അതിര്‍ത്തിയോട് കൂട്ടിച്ചേര്‍ത്ത സ്വതന്ത്ര രാജ്യമാണ് തിബത്ത്. സിങ്ക്യാംഗിലെ തുര്‍ക്കി ഭാഷ സംസാരിക്കുന്ന ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് പറയാനുള്ളതും മറ്റൊരു കഥയല്ല. 1944ല്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക് എന്ന പേരില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് സിങ്ക്യാംഗ്. ചൈനയിലെ ഹാന്‍ വംശത്തില്‍നിന്ന് ഭാഷാപരവും സാംസ്‌കാരികവും മതപരവും വംശീയവുമായി വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഉയിഗൂര്‍. മധ്യേഷ്യന്‍ മുസ്‌ലിം ഭൂപ്രദേശങ്ങളുടെ തൊട്ടടുത്ത് നില്‍ക്കുന്ന സിങ്ക്യാംഗിന് ചൈനയേക്കാള്‍ ഈ ഭൂപ്രദേശങ്ങളുമായാണ് അടുപ്പം. 19ാം നൂറ്റാണ്ടില്‍ ചൈനീസ് സ്വാധീനം വര്‍ധിച്ചതിന്‍ ഫലമായി 1949ല്‍ സിങ്ക്യാംഗ് മേഖല ചൈനയോട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു. അന്നുമുതല്‍ക്കേ സ്വന്തം കോളനിയെന്നോണമുള്ള നയമാണ് ഈ മേഖലയോട് ബീജിംഗിലെ അധികാരസ്ഥാനികള്‍ പുലര്‍ത്തിപ്പോരുന്നത്. തിബത്തിലെന്നപോലെ ജനസംഖ്യാപരമായ അട്ടിമറിക്കുള്ള ആസൂത്രിത നീക്കങ്ങളുമുണ്ടായി. ഹാന്‍ വംശജരുടെ വന്‍തോതിലുള്ള കുടിയേറ്റംതന്നെ ഈ കാലയളവിനുള്ളില്‍ നടന്നു. 1949ല്‍ കേവലം ആറു ശതമാനം മാത്രമായിരുന്ന ഹാന്‍ വംശജര്‍ 41 ശതമാനമായി വര്‍ധിച്ചു. വന്‍തോതിലുള്ള ഈ കടന്നുകയറ്റം തങ്ങളുടെ തൊഴില്‍സാധ്യതകളെയും സാമ്പത്തിക പുരോഗതിയെയും പ്രതികൂലമായി ബാധിക്കുന്നതിനുപുറമെ സ്വന്തം സാംസ്‌കാരികാസ്തിത്വത്തിനും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നാണ് മേഖലയിലെ പാതിയോളം വരുന്ന ഫരണ്ടുകോടി ഫ ഉയിഗൂര്‍ വംശജരുടെ പരാതി. ദശകങ്ങളായി നിലനില്‍ക്കുന്ന ഈ അസംതൃപ്തിയുടെ ബഹിര്‍സ്ഫുരണമാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട അസ്വസ്ഥതകളില്‍ പ്രകടമാകുന്നത്. കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കിടയില്‍ ചൈന കൈവരിച്ച സാമ്പത്തികാഭിവൃദ്ധിയുടെ ഒരു ഫലവും തങ്ങളുടെ ജീവിതത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
ഷാഗുവാന്‍ നഗരത്തിലെ ഒരു കളിപ്പാട്ട ഫാക്ടറിയില്‍ ഉയിഗൂര്‍ വിഭാഗത്തില്‍പെട്ട രണ്ട് തൊഴിലാളികളെ ഹാന്‍ വംശജര്‍ വധിച്ചതാണ് ഇപ്പോഴത്തെ കലാപത്തിന് വഴിമരുന്നിട്ടത്. ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പീപ്പിള്‍സ് സ്‌ക്വയറില്‍ ആയിരത്തോളം ഉയിഗൂര്‍ വംശജര്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍, പ്രകടനക്കാരുടെ നേരെ പോലിസ് കൈക്കൊണ്ട നിഷ്~ുരമായ നടപടികള്‍ പ്രക്ഷോഭം ആളിക്കത്താന്‍ കാരണമായി. പ്രകടനത്തിനുനേരെ പോലിസ് ബലപ്രയോഗം നടത്തിയിരുന്നില്ലെങ്കില്‍ സ്ഥിതി ഇത്രത്തോളം ഗുരുതരമാകുമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനിടെ ഹാന്‍വംശത്തില്‍പെട്ട സ്ത്രീകളെ ഉയിഗൂര്‍ വിഭാഗത്തില്‍പെട്ടവര്‍ ബലാല്‍സംഗം ചെയ്തതായി പ്രചരിച്ച ഊഹാപോഹങ്ങള്‍ ഹാന്‍ വിഭാഗത്തെ പ്രകോപിതരും പ്രതികാരദാഹികളുമാക്കിത്തീര്‍ത്തു. സ്ഥിതിഗതികള്‍ അധികൃതരുടെ നിയന്ത്രണം വിടുന്നതിലേക്കാണ് ഇതെത്തിച്ചത്.

കലാപത്തിനുപിന്നില്‍ വിദേശത്തുള്ള വിഘടനവാദികളുടെ ആസൂത്രിത നീക്കങ്ങളാണെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ ആരോപണം. മ്യൂണിക്കിലും വാഷിംഗ്ടണിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസാണ് പ്രധാനമായും ആരോപണവിധേയമായിട്ടുള്ളത്. റാബിഅ ഖദീര്‍ എന്ന ഉയിഗൂര്‍ വംശജയാണ് പ്രക്ഷോഭകരുടെ പൊതുവേദിയായ കോണ്‍ഗ്രസിന്റെ സ്ഥാപക. ബിസിനസുകാരിയായ റാബിഅ വര്‍ഷങ്ങളോളം ചൈനീസ് ജയിലിലായിരുന്നു. ഇപ്പോള്‍ വാഷിംഗ്ടണില്‍ പ്രവാസ ജീവിതം നയിക്കുന്ന അവരെ ചൈനയിലെ ഉസാമ ബിന്‍ലാദിനെന്നാണ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനയിലേക്ക് ഒരു വസ്തുതാന്വേഷണ സംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണവര്‍. ഉയിഗൂര്‍ വംശജരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ മനുഷ്യാവകാശ കമീഷന്‍ നവി പിള്ള സിങ്ക്യാംഗ് സന്ദര്‍ശിക്കണമെന്ന് ഹ്യുമന്‍ റൈറ്റ്‌സ് വാച്ചിന്റെ വാഷിംഗ്ടണ്‍ ഓഫീസ് ഡയറക്ടര്‍ സോഫിയ റിച്ചാര്‍ഡ്‌സണും ആവശ്യപ്പെട്ടിട്ടുണ്ട്. സിങ്ക്യാംഗ് സംഭവവികാസങ്ങളില്‍ ഉത്കണ്~ പ്രകടിപ്പിച്ചവരില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് കോണ്‍ഫ്രന്‍സ് തുടങ്ങിയ സംഘടനകളും ഉള്‍പ്പെടും.

ഒളിമ്പിക്‌സ് മേളയോടനുബന്ധിച്ച് തിബത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് ചൈനക്ക് വലിയ അലോസരം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ഒക്‌ടോബറില്‍ വിപ്ലവത്തിന്റെ 60ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെ നടന്ന വംശീയ കലാപവും ചൈനയുടെ പ്രതിച്ഛായയെ ബാധിക്കും. കലക്കുവെള്ളത്തില്‍നിന്ന് മീന്‍പിടിക്കാന്‍ അമേരിക്കയും ശ്രമിക്കാതിരിക്കില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സിങ്ക്യാംഗ് വിഘടിത വിഭാഗത്തിന് ആയുധമെത്തിക്കാമെന്ന ഓഫറുമായി യു.എസ് അധികൃതര്‍ പാക്കിസ്ഥാനിലെ ചില ഇസ്‌ലാമിക ഗ്രൂപ്പുകളെ സമീപിച്ചിരുന്നു. പാക്കിസ്ഥാനുമായുള്ള ചൈനീസ് സൗഹൃദം തകര്‍ക്കലാണ് ഗൂഢോദ്ദേശ്യമെന്ന് തിരിച്ചറിഞ്ഞ അവര്‍ നിസ്സഹകരിക്കുകയായിരുന്നു. സുഡാന്‍, ഇറാന്‍ തുടങ്ങി പാശ്ചാത്യ ശക്തികള്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതടക്കമുള്ള മുസ്‌ലിം രാഷ്ട്രങ്ങളുമായി ഉറ്റസൗഹൃദമുള്ള രാജ്യമാണ് ചൈന. അതിനാല്‍ കളിക്കളം നവകൊളോണിയല്‍ ശക്തികള്‍ക്ക് വിട്ടുകൊടുക്കാതെ ഇസ്‌ലാമിക് കോണ്‍ഫ്രന്‍സുപോലുള്ള മുസ്‌ലിം രാഷ്ട്ര കൂട്ടായ്മ സജീവമായി ഇടപെട്ട് സിങ്ക്യാംഗ് പ്രശ്‌നത്തിന് സൗഹാര്‍ദ പരിഹാരം കാണുകയാണ് വേണ്ടത്. വംശീയ ന്യൂനപക്ഷങ്ങളോടുള്ള അടിസ്ഥാന സമീപനത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ ചൈനീസ് ഭരണകൂടവും സന്നദ്ധമാകണം.
കടപ്പാട് : മാധ്യമം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ