(8 Jul) പറവൂര്‍ പീഡനം: ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും; ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍; ഗള്‍ഫ് സെക്‌സ് റാക്കറ്റ്: പരാതിക്കാരിക്ക് സംരക്ഷണം ഉറപ്പാക്കി; മൂന്നാംക്ലാസുകാരിയെ മൂന്നു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ എട്ടാം ക്ലാസുകാരന്‍ പിടിയില്‍; ഭര്‍ത്താവിന്റെ സഹായത്തോടെ സുഹൃത്തുക്കള്‍ പീഡിപ്പിച്ചതായി പരാതി; ഭാര്യയെ വിറ്റ കേസില്‍ തെളിവെടുപ്പ് നടത്തി; രോഗിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഡോക്ടര്‍ കീഴടങ്ങി-കഴിഞ്ഞ ദിവസത്തെ ഒരു ദിനപത്രത്തിലെ ഒരേ പേജില്‍ അടിച്ചുവന്ന വാര്‍ത്തകളുടെ തലക്കെട്ടുകളാണിത്. എല്ലാ പത്രങ്ങളിലും ചാനലുകളിലും ഇത്തരം വാര്‍ത്തകള്‍ സുലഭമായി വരാത്ത ഒരു ദിവസവും കേരളത്തില്‍ കഴിഞ്ഞുപോവുന്നില്ല. യഥാര്‍ഥത്തില്‍ നടക്കുന്ന ലൈംഗികാക്രമണ സംഭവങ്ങളില്‍ നൂറിലൊന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമില്ല. സ്ത്രീപീഡനം തടയാനുള്ള നിയമങ്ങള്‍ കര്‍ക്കശവും ശിക്ഷ കഠിനവുമാക്കിക്കൊണ്ടേ വരുന്നതിനനുസരിച്ച് സംഭവങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. പെണ്ണായി പിറക്കാന്‍ പോവുന്നവള്‍ക്ക് ഗര്‍ഭപാത്രത്തില്‍ പോലും രക്ഷയില്ലെന്ന് ഭയാനകമായി വ്യാപിച്ചുവരുന്ന ഭ്രൂണഹത്യ കണക്കുകള്‍ വ്യക്തമാക്കുന്നു. പെണ്‍ഭ്രൂണഹത്യാ നിരോധ നിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ട് ഇന്ത്യയില്‍ സ്ത്രീ-പുരുഷ അനുപാതം കുത്തനെ കീഴ്‌പ്പോട്ടാണെന്ന് 2011ലെ സെന്‍സസ് വിവരങ്ങള്‍ ബോധ്യപ്പെടുത്തി. പിറന്നുവീണ പെണ്‍ സന്തതികളുടെ സ്ഥിതിയോ? രണ്ടും മൂന്നും വയസ്സ് പ്രായമായ കുഞ്ഞുങ്ങള്‍ക്കുവരെ നരാധമന്മാരുടെ, അതിക്രൂരമായ ആക്രമണങ്ങളില്‍നിന്ന് രക്ഷയില്ലെന്നതാണവസ്ഥ. വിദ്യാലയങ്ങളില്‍ പോയിത്തുടങ്ങുന്നതോടെ പെണ്‍കുട്ടികള്‍ സഹപാഠികളും അധ്യാപകരുമടങ്ങുന്ന സമൂഹത്തില്‍നിന്ന് പുലിക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ട മാന്‍പേടയെപ്പോലെ പ്രാണനും മാനവും കൊണ്ടോടേണ്ട സന്ദര്‍ഭങ്ങളുണ്ടാവുന്നു. യാത്രയും ജോലിസ്ഥലങ്ങളും ആശുപത്രികളും ഡോക്ടര്‍മാരുടെ പരിശോധനാമുറികളുമെല്ലാം സ്ത്രീകള്‍ക്ക് പേടിസ്ഥലങ്ങളാണെന്ന് വന്നാല്‍ പിന്നെ എവിടെയാണ് രക്ഷ? മാതാപിതാക്കളും കുടുംബവുമാണ് മനുഷ്യന്റെ അവസാനത്തെ അഭയകേന്ദ്രം. അവിടെപ്പോലും പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്നതാണ് നടേ ഉദ്ധരിച്ച വാര്‍ത്തകള്‍ നല്‍കുന്ന സൂചന. പിതാവ് സ്വന്തം പുത്രിയെ പീഡിപ്പിച്ചതുകൊണ്ട് മതിയാക്കാതെ അവളെ പണത്തിനായി മറ്റു മനുഷ്യമൃഗങ്ങള്‍ക്ക് കൈമാറുകയും ഇതൊക്കെ അറിയുന്ന മാതാവ് കൂട്ടുനില്‍ക്കുകയോ നിസ്സംഗയായി നില്‍ക്കുകയോ ചെയ്യുന്നിടത്തോളം സ്ഥിതി വഷളായിരിക്കുകയാണ്. പണത്തിനും നൈമിഷിക മൃഗീയാനന്ദങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത പെണ്‍വാണിഭ റാക്കറ്റുകള്‍ സംസ്ഥാനത്തിനകത്തും പുറത്തും ഗള്‍ഫിലും മുമ്പെന്നെത്തേക്കാളും സജീവമാണെന്നതാണ് ഇതോട് ചേര്‍ത്തുവായിക്കേണ്ട വസ്തുത. വ്യാപകവും സുസജ്ജവുമായ ശൃംഖലകളുള്ള ഈ പെണ്‍വാണിഭ മാഫിയകള്‍ക്ക് പൊലീസിന്റെയും അധികാരികളുടെയും പ്രമുഖരുടെയും പൂര്‍ണ പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ടെന്ന സത്യം അനിഷേധ്യമാണ്. മിക്ക പെണ്‍വാണിഭ സംഭവങ്ങളിലും അന്വേഷണം വഴിമുട്ടി ഒടുവില്‍ തേഞ്ഞുമാഞ്ഞുപോവാന്‍ കാരണം കുറ്റവാളികള്‍ക്ക് ഉന്നതങ്ങളിലുള്ള പിടിപാടാണ്. പ്രമുഖരായ പകല്‍മാന്യന്മാര്‍ ഇവരുടെ അധാര്‍മിക വ്യാപാരത്തിന്റെ ഗുണഭോക്താക്കളുമാണ്. ഇക്കാര്യത്തിലാവട്ടെ ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നതുകൊണ്ടാണ് ഭരണമാറ്റം കൊണ്ട് സ്ത്രീ സുരക്ഷയില്‍ ഒരു വ്യത്യാസവും അനുഭവപ്പെടാതിരിക്കുന്നത്. മാനവികതയെയും ധാര്‍മികതയെയും തീര്‍ത്തും അര്‍ഥശൂന്യമാക്കിമാറ്റുന്ന ഈ മഹാ വിപത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന മഹിളാ സംഘടനകളും സാംസ്‌കാരിക പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം വെറും വനരോദനം കൊണ്ട് തൃപ്തിപ്പെടുകയാണ്. പ്രശ്‌നത്തിന്റെ മര്‍മം കാണാനോ തിന്മയുടെ അടിവേരിനു കത്തിവെക്കാനോ ആര്‍ക്കും കഴിയുന്നില്ല. കേവലം ധര്‍മപ്രസംഗങ്ങള്‍കൊണ്ടോ പ്രതിഷേധങ്ങള്‍ കൊണ്ടോ ലൈംഗിക ഭ്രാന്ത് മൂര്‍ച്ഛിച്ച 'പിശാചിന്റെ സ്വന്തം നാടി'ന്റെ അവസ്ഥ മാറാനും പോവുന്നില്ല. ഫെമിനിസവും സ്ത്രീപക്ഷ വാചാടോപങ്ങളും നിയമങ്ങളുടെ കാര്‍ക്കശ്യവും അല്‍പമെങ്കിലും ഫലപ്രദമായിരുന്നുവെങ്കില്‍ സ്ഥിതി ഇത്രത്തോളം ഗുരുതരമാവില്ലായിരുന്നു. സദാചാരത്തെ പരിഹസിച്ചും വെല്ലുവിളിച്ചും അരാജകത്വ തത്ത്വശാസ്ത്രങ്ങള്‍ പരമാവധി പ്രചാരണം ചെയ്തും മൂല്യമുക്തമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയിലാണ് നമ്മുടെ ബുദ്ധിജീവികളും മാധ്യമങ്ങളും കലാകാരന്മാരും ഏര്‍പ്പെട്ടിരിക്കുന്നത്. അതിനെതിരായ ശബ്ദങ്ങള്‍ നേര്‍ത്തതും ഒറ്റപ്പെട്ടതുമാണ്. ഇടിവെട്ടിയവനെ പാമ്പും കടിച്ചു എന്ന പരുവത്തില്‍ എല്ലാ തിന്മകളുടെയും സ്രോതസ്സായ മദ്യം കേരളത്തെയാകെ പിടിയിലൊതുക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍കുട്ടികള്‍ മുതല്‍ കിഴവന്മാര്‍ വരെ ലഹരിയുടെയും മയക്കുമരുന്നിന്റെയും വിസ്തൃത സാമ്രാജ്യത്വത്തില്‍ മതിമറന്നാറാടുകയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന, ഒറ്റക്കും കൂട്ടായുമുള്ള ഓരോ സ്ത്രീപീഡനത്തിന്റെയും പിന്നില്‍ ലഹരിയുടെ താണ്ഡവമുണ്ട്. പുതിയ യു.ഡി.എഫ് സര്‍ക്കാര്‍, മദ്യനയം രൂപവത്കരിക്കുന്നതിന്റെ ഭാഗമായി വിവിധ മദ്യവിരുദ്ധ സംഘടനകളോട് ആശയവിനിമയം നടത്തിവരുകയാണിപ്പോള്‍. അതിന്റെ പ്രസക്തിയും പ്രാധാന്യവും അംഗീകരിക്കുന്നതോടൊപ്പം മദ്യത്തിന്റെ ലഭ്യത പരമാവധി കുറക്കാന്‍ ആത്മാര്‍ഥമായ നടപടികളുണ്ടാവുമോ എന്നാണ് സമാധാനപ്രിയരായ എല്ലാവരും ഉറ്റുനോക്കുന്നത്. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തും മുഴുവന്‍ സമയവും പ്രായഭേദമന്യേ എല്ലാവര്‍ക്കും വ്യാജനോ ഒറിജിനലോ ആയ മദ്യം വിളമ്പുന്ന നയം എന്ത് നഷ്ടം സഹിച്ചും പുനഃപരിശോധിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയാറാവുമോ? ആയിരക്കണക്കിന് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ക്കും ഷാപ്പുകള്‍ക്കും തീകൊളുത്താന്‍ ധൈര്യം കാട്ടുമോ? മദ്യശാലകളും ലഹരി വില്‍പന കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള അനുമതിയധികാരം ഗ്രാമ പഞ്ചായത്തുകള്‍ക്ക് വിട്ടുകൊടുക്കാന്‍ സന്മനസ്സ് കാട്ടുമോ? അതോ, ഒരുപിടി ചെത്തുതൊഴിലാളികളുടെ പേരു പറഞ്ഞ് സര്‍വസംഹാരിയായ മദ്യത്തെ ഇനിയും നാടാകെ ഒഴുക്കാന്‍ ലൈസന്‍സ് നല്‍കുമോ?
http://sheriffkottarakara.blogspot.com/2011/07/blog-post_07.html ഒരു ദിവസത്തെ പീഡന വാര്‍ത്തകള്‍ വായിക്കാന്‍ ഈ ലിങ്കിലൊന്നു പോകുമോ....
മറുപടിഇല്ലാതാക്കൂ