2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

മാനവസ്‌നേഹത്തിന്റെ ഉള്‍ക്കണ്ണുമായി 'വിഷന്‍ 2016' അഞ്ചാം വര്‍ഷത്തിലേക്ക്

ദുബൈ: വൃത്തിഹീനമായ ഗല്ലികളില്‍ ഒരു നേരത്തെ അന്നത്തിനും ശുദ്ധമായ കുടിവെള്ളത്തിന് പോലും മാര്‍ഗം കാണാതെ മുണ്ടുമുറുക്കിയുടുത്ത്, ദൈവം നല്‍കിയ ജീവിതം തള്ളിനീക്കുന്ന പട്ടിണി പേക്കോലങ്ങള്‍. സര്‍ക്കാര്‍ ഔദാര്യമായി അനുവദിക്കുന്ന 300 ഗ്രാം റേഷനരിയില്‍ ഒരു വലിയ കുടുംബത്തിന്റെ പാതി വയര്‍ നിറക്കാന്‍ പോലും പാടുപെടുന്നവര്‍. നാണം മറക്കാന്‍ ഉടുതുണിക്ക് മറുതുണിയില്ലാത്തവര്‍. വിദ്യാലയങ്ങളുടെ പടി കയറാന്‍ ഭാഗ്യം ലഭിക്കാത്ത കുരുന്നുകള്‍. മാനത്തിന് വിശപ്പിനേക്കാള്‍ വിലയില്ലെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്ന അമ്മമാര്‍. ആരൊക്കെയോ ചെയ്തുവെച്ച തെറ്റിന്റെ പേരില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍, പാതയോരങ്ങളിലും പുറമ്പോക്കുകളിലും കീറച്ചാക്കും കാര്‍ഡ് ബോര്‍ഡുകളും വെച്ചുകെട്ടി നിര്‍മിച്ച കൂരകള്‍ പോലും തകര്‍ക്കപ്പെട്ട് അഭയാര്‍ഥികളാക്കപ്പെടുന്നവര്‍.

ഇത് ഇന്ത്യയുടെ മറ്റൊരു പരിഛേദമാണ്. സാമ്പത്തിക, ആണവ വികസനത്തിലെ മുന്‍നിര സ്ഥാനത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ക്കപ്പുറം, ഉത്തരേന്ത്യന്‍ ഗ്രാമ വീഥികളില്‍ കണ്ട, ഒരു പൊതുപ്രവര്‍ത്തകന്റെ കണ്ണുനനയിച്ച ഇന്ത്യ. ഈ ഗല്ലികളിലും ഗ്രാമവീഥികളിലും കാലും കണ്ണും പതിഞ്ഞ ഒരാള്‍ക്ക് എങ്ങിനെ വിശ്രമിക്കാനാവുമെന്ന ഹ്യുമന്‍ വെല്‍ഫെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ ചോദ്യം ഇന്ത്യയിലെ മനഃസാക്ഷിയുള്ള മുഴുവന്‍ മനുഷ്യരോടുമാണ്. 'വിഷന്‍ 2016' എന്ന പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സാമൂഹിക പുനരുദ്ധാരണ സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അദ്ദേഹം ദുബൈയില്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് മനസ്സുതുറക്കുന്നു.1989ല്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട, ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തിന്റെ തൊട്ടടുത്ത വര്‍ഷം അവിടം സന്ദര്‍ശിച്ചപ്പോഴാണ് ഇന്ത്യയുടെ യഥാര്‍ഥമുഖം തിരിച്ചറിയുന്നത്. ആ ദുരിത, പട്ടിണിക്കാഴ്ചകള്‍ സച്ചാര്‍ കമീഷന്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതിനപ്പുറമാണെന്ന കണ്ടറിവ് മനസിലുണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ഏതാനും വര്‍ഷം കഴിഞ്ഞ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്ച ആദ്യത്തെ സന്ദര്‍ശനത്തേക്കാള്‍ ദയനീയമായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ഇന്ത്യയില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുവെന്നത് നമ്മുടെ രാജ്യത്തിന്റെ അസന്തുലിതവും അശാസ്ത്രീയവുമായ വികസനമുന്നേറ്റത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ഇപ്പോഴും 22 കോടി ജനങ്ങള്‍ പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്നാണ് സെന്‍ ഗുപ്ത കമീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ മുസ്‌ലിംകളുടെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെയും അവസ്ഥ വിവിധ കമീഷനുകള്‍ ചൂണ്ടിക്കാട്ടിയതിനേക്കാള്‍ ദയനീയമാണെന്ന് സീദ്ദീഖ് ഹസന്‍ പറയുന്നു. ഈ അവസ്ഥക്ക് നേരിയ തോതിലെങ്കിലും ആശ്വാസം പകരുന്നതിനാണ് 2006ല്‍ ഹ്യുമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ 'വിഷന്‍ 2016'ന് തുടക്കമിട്ടത്. വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുമുഖ പുനരധിവാസ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, നിയമ സഹായം, തൊഴിലവസര പദ്ധതികള്‍, മൈക്രോ ഫിനാന്‍സ്, റിലീഫ് പ്രവര്‍ത്തനങ്ങള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ തുടക്കമിടാന്‍ വിഷന് കഴിഞ്ഞിട്ടുണ്ട്. ഉച്ചക്കഞ്ഞിക്കുവേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളെയും വല്ലപ്പോഴും മാത്രം വന്നുപോകുന്ന അധ്യാപകരെയുമാണ് അസമിലെ ഗ്രാമങ്ങളില്‍ കണ്ടത്. ഇതിന് അറുതിയായി, അന്താരാഷ്ട്രീയ തലത്തില്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഹരിയാനയില്‍ തുടക്കമിടുന്ന യൂനിവേഴ്‌സിറ്റി പ്രോജക്ടിന് 25 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. നൂറുകോടിയുടെ ഈ ബൃഹത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്. ന്യൂദല്‍ഹി ജാമിഅ നഗറില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്‌കോളര്‍ സ്‌കൂളിന് തുടക്കമിട്ടിട്ടുണ്ട്. അസമിലെ ഗുവാഹതിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളിനും ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ബാഗില്‍ ആരംഭിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളിന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഈയിടെ തറക്കല്ലിട്ടിരുന്നു. ന്യൂദല്‍ഹിയില്‍ 13 കോടിയുടെ ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.പദ്ധതിക്ക് സര്‍ക്കാറില്‍ നിന്നും മറ്റ് സന്നദ്ധസംഘടനകളില്‍ നിന്നുമെല്ലാം മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് പ്രഫ. സിദ്ദീഖ് ഹസന്‍ പറയുന്നു. 125ലേറെ വന്‍കിട പദ്ധതികളടങ്ങിയ വിഷന്‍ 2016, മലയാളികളടക്കമുള്ളവരുടെ പിന്തുണയോടെ നിശ്ചിത സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

http://www.vision2016.org.in/


1 അഭിപ്രായം:

  1. മലപ്പുറവും മലബാറും എന്നും എന്റെ ഒരു വീക്ക്നസ്സാണ്. തന്റെ ഈ എഴുത്ത് എന്നെ ഒത്തിരി സങ്കടപ്പെടുത്തി. ഇനിയും എഴുതണം.

    മറുപടിഇല്ലാതാക്കൂ