2010, ഫെബ്രുവരി 3, ബുധനാഴ്‌ച

ബച്ചന്റെ മോഡി സ്നേഹം

വരികള്‍ക്കിടയില്‍ / കുല്‍ദീപ് നയാര്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ദുഷ് ചെയ്തികള്‍ തുറന്നുകാട്ടാന്‍ സുപ്രീംകോടതി പരമാവധി പണിപ്പെട്ടുകൊണ്ടിരിക്കെ അദ്ദേഹത്തിന് അപദാനങ്ങള്‍ പാടാന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചനും ഉന്നത വ്യവസായികളും മിനക്കെടുന്നതെന്തിനാണെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല. എട്ടു വര്‍ഷം മുമ്പ് രണ്ടായിരത്തിലേറെ മുസ്ലിംകളുടെ കൂട്ടക്കൊലക്കിടയാക്കിയ കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയത് മോഡിയത്രെ.
സൊഹ്റാബുദ്ദീന്‍ ശൈഖിനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടതു കഴിഞ്ഞയാഴ്ചയാണ്. കലാപ കേസുകള്‍ ബോധപൂര്‍വം അവസാനിപ്പിച്ച സംസ്ഥാന ഭരണകൂടത്തിന്റെ നടപടിയില്‍ സ്തബ്ധരായ സുപ്രീംകോടതി മോഡിയുടെ പിണിയാളുകള്‍ മൂടിവെക്കാന്‍ ശ്രമിച്ച വംശഹത്യാ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി.

ഭരണകൂടത്തിന്റെ പങ്കാളിത്തം പരസ്യമായ രഹസ്യമാണെന്നു അറിയാമായിരിക്കെ മോഡി പ്രത്യേകാന്വേഷണ സംഘവുമായി സഹകരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്യാന്‍ വിസമ്മതിക്കുന്നതെന്തിനാണ്? കൂട്ടക്കൊലക്കു ശേഷം മോഡി നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് കിട്ടാന്‍തന്നെ പ്രത്യേകാന്വേഷണ സംഘത്തിന് സുപ്രീംകോടതിയുടെ ഇടപെടല്‍ തേടേണ്ടി വന്നു. പ്രസംഗം പ്രസക്തമല്ലെന്ന മോഡിയുടെ അഭിഭാഷകരുടെ വാദം അന്വേഷണത്തിന് തടസ്സം തന്നെയാണ്. തന്റെ ഭര്‍ത്താവും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ ഇഹ്സാന്‍ ജാഫ്രിയെ ജനക്കൂട്ടം ചുട്ടുകൊന്നെന്നു സകിയ ജാഫ്രി പരാതി നല്‍കിയിരിക്കെ പ്രസംഗത്തിന്റെ ഉള്ളടക്കം അറിയേണ്ടത് അത്യാവശ്യമാണ്. മതജാതി ഭേദമില്ലാതെ എല്ലാ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഭരണഘടനാപരമായ ബാധ്യത പാലിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പൊലീസിനും ഉദ്യോഗസ്ഥ മേധാവികള്‍ക്കും കഴിയാതിരുന്നതിനാലാണ് കലാപം അനിയന്ത്രിതമായി തുടര്‍ന്നതെന്നാണ് സകിയയുടെ ആരോപണം.

ആ മോഡി, അന്വേഷണം അട്ടിമറിക്കാനും എല്ലാം നേരാംവണ്ണമാണ് നടക്കുന്നതെന്ന് ബോധ്യപ്പെടുത്താനും എല്ലാ ശ്രമവും നടത്തുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, സംശുദ്ധമായ പ്രതിച്ഛായക്ക് ഉടമകളായവര്‍ മോഡിക്ക് പിന്തുണയുമായി എത്തുന്നതെന്തിനാണ്. മോഡിയെ കാണാന്‍ ബച്ചന്‍ അഹ്മദാബാദുവരെ പോയതെന്തിനാണെന്ന് എത്ര ശ്രമിച്ചിട്ടും എനിക്കു മനസ്സിലാക്കാനാവുന്നില്ല. തന്റെ പുതിയ ചിത്രം 'പാ' മുഖ്യമന്ത്രിക്കു വേണ്ടി പ്രത്യേകമായി പ്രദര്‍ശിപ്പിക്കുന്നതിനായിരുന്നത്രെ ബച്ചന്റെ യാത്ര. എന്നാല്‍, അതിലുമപ്പുറം എന്തോ ഉണ്ടെന്ന് വ്യക്തം.

ചോരക്കറ പുരണ്ട ഒരാള്‍ക്ക് വിശ്വാസ്യത പകരുന്നതാണ് ബച്ചന്റെ സന്ദര്‍ശനം. വര്‍ഗീയതയുടെ കുപ്പായമണിഞ്ഞു നില്‍ക്കുന്ന മോഡിയെ മനുഷ്യാവകാശ പ്രവര്‍ത്തകരും ലിബറലുകളും ഒരിക്കലും അംഗീകരിക്കുന്നില്ല. മോഡിയുടെ ചെയ്തികളും ഇന്ത്യയിലും ലോകമെമ്പാടും അതു സൃഷ്ടിച്ച കോലാഹലവും അറിയാത്ത പച്ചപ്പാവമല്ല ബച്ചന്‍. അമിതാഭിന്റെ മതേതര പ്രതിച്ഛായയില്‍ തെല്ലും സംശയവുമില്ല. പക്ഷേ, ഒരു സിനിമക്കുവേണ്ടി മോഡിയെ സന്ദര്‍ശിക്കുമ്പോള്‍ തന്റെ നല്ല പേര് അദ്ദേഹം വഷളാക്കുകയാണ്. ജീവിതകാലമങ്ങോളം ഈ കളങ്കവും പേറിയാവും ബച്ചന്‍ മുന്നോട്ടുപോകേണ്ടി വരിക. മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ഭരണകൂടം ചെയ്ത കൂട്ടക്കൊലകള്‍ക്കു വെള്ളപൂശുന്നതായി ബച്ചന്റെ പ്രവൃത്തി.

രത്തന്‍ ടാറ്റയും സുനില്‍ ഭാരതിയും അടക്കമുള്ള വ്യവസായ പ്രമുഖര്‍ മോഡിക്കു നല്‍കിയ ഒളി പിന്തുണയുടെ നടുക്കം മാറും മുമ്പാണ് ബച്ചന്റെ സന്ദര്‍ശനം. മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് പറയാന്‍ വ്യവസായികള്‍ അഹ്മദാബാദില്‍ പ്രത്യേക സമ്മേളനം ചേരുകയായിരുന്നു. പണമുണ്ടാക്കുന്നതിനപ്പുറം ചിന്തയില്ലാത്ത അവര്‍ക്കു രാജ്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് അറിയില്ല. ബഹുസ്വരത ഒരു നയം മാത്രമല്ല, നമ്മില്‍ രൂഢമായ വിശ്വാസം കൂടിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷം അനുഭവിക്കുന്ന അതേ പദവിയും അവസരങ്ങളും ലഭ്യമാകുന്നില്ലെങ്കില്‍ നമുക്ക് ഒരു ശക്തമായ രാഷ്ട്രമായി വികസിക്കാനേ കഴിയില്ല. ഭരണഘടനയും ഈ ആശയമാണ് മുന്നോട്ടുവെക്കുന്നത്. വ്യവസായികള്‍ക്കും ഈ മതേതരത്വത്തില്‍ വിശ്വാസം ഉണ്ടായിരിക്കണം. ആകസ്മികമായേക്കാമെങ്കിലും വിപ്രോ മേധാവിയും മുസ്ലിമുമായ അസീം പ്രേംജി ഈ സമ്മേളനത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

മോഡിയുടെ സംസ്ഥാനത്താണ് ഏറ്റവും മികച്ച ഭരണം നടക്കുന്നതെന്നാണ് വ്യവസായികളുടെ വാദം. മുസ്ലിംകള്‍ക്കു സുരക്ഷിത ബോധം അനുഭവപ്പെടാത്ത ഗുജറാത്ത് എങ്ങനെ ഈ ഗണത്തില്‍ പെടും. കലാപം അഭയാര്‍ഥികളാക്കിയ ആയിരക്കണക്കിന് ആളുകളെ പുനരധിവസിപ്പിക്കാന്‍ ഇനിയും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കു സുരക്ഷിതബോധം തോന്നാതിരിക്കുകയും അവരുടെ രക്ഷക്ക് ഒരു നിയമ സംവിധാനവുമില്ലാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ എങ്ങനെ സദ്ഭരണത്തിന്റെ മാതൃകയായി എടുക്കാന്‍ കഴിയും?

വാസ്തവത്തില്‍ വ്യവസായികള്‍ മോഡിക്കു നല്‍കിയ പിന്തുണ നന്ദികേടാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തിക പരിഷ്കരണങ്ങളാണ് അവര്‍ക്കു ശതകോടികളുടെ നേട്ടമുണ്ടാക്കിക്കൊടുത്തത്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സോഷ്യലിസ്റ്റ് എന്ന പദം സൌകര്യപൂര്‍വം മറന്നുകളഞ്ഞെങ്കിലും മന്‍മോഹന്റെ ആഗോളീകരണ നയങ്ങളാണ് അവര്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക പുരോഗതിയെക്കുറിച്ച് അടിക്കടി ഉറപ്പ് നല്‍കുമ്പോഴും പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായൊതുങ്ങുന്ന വികസനത്തിന്റെ പങ്ക് വ്യവസായികള്‍ക്ക് മന്‍മോഹന്റെ കാലത്തെപ്പോലെ ഒരിക്കലും ലഭിച്ചിട്ടില്ല. ചിന്താശൂന്യമായ പ്രവൃത്തിയിലൂടെ വ്യവസായികള്‍ സ്വന്തം പ്രതിച്ഛായ കളങ്കപ്പെടുത്തുക മാത്രമല്ല മോഡിയുടെ വംശവിച്ഛേദന പരിപാടിക്ക് ന്യായീകരണം നല്‍കുക കൂടിയാണ് ചെയ്തത്.

കലാപം അന്വേഷിക്കുന്ന നാനാവതി കമീഷനെ വിശ്വസിക്കാനായെങ്കിലെന്ന് ഞാന്‍ ആശിച്ചുപോവുകയാണ്. കൂട്ടക്കൊലയെക്കുറിച്ച് കമീഷന്‍ ഇതുവരെ പറഞ്ഞതിലൊന്നും മോഡിയുടെ പങ്കാളിത്തം എന്ന അടിസ്ഥാന പ്രശ്നം പരാമര്‍ശിക്കുന്നതേയില്ല. 1984ലെ സിഖ് വിരുദ്ധ കലാപത്തിലും ജസ്റ്റിസ് നാനാവതി തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചത്. ഭരണസംവിധാനങ്ങളുടെ സഹായത്തോടെയും ഒത്താശയോടെയുമാണ് സിഖ് വിരുദ്ധ കലാപം നടന്നതെന്ന് സമ്മതിക്കുമ്പോഴും ആരെയും പേരെടുത്തു പറയാന്‍ കമീഷന്‍ തയാറായിരുന്നില്ല.

പല കേസുകളിലും പുനരന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിയാണ് ഇനി ഏക പ്രതീക്ഷ. അവരുടെ നിരീക്ഷണങ്ങള്‍ പലരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിനുനേരെ കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നാണ് പുതിയ വിധിയില്‍ കോടതി അഭിപ്രായപ്പെട്ടത്.
ഗുജറാത്ത് പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമല്ലെന്നും പരമോന്നത കോടതി അഭിപ്രായപ്പെടുന്നു. ഏതെങ്കിലും സര്‍ക്കാറിനു കിട്ടാവുന്ന പരമാവധി ശാസനയാണിത്. മോഡിയുടെ ചാക്കില്‍നിന്ന് ഇനിയുമൊട്ടേറെ പൂച്ചകള്‍ പുറത്തുചാടുന്ന ലക്ഷണമാണ് കാണുന്നത്. തന്റെ സംസ്ഥാനം സാധാരണ നിലയിലാണെന്നു തെളിയിക്കാനാണ് മോഡിയുടെ ശ്രമം. ഒരു നിലക്ക് അതു ശരിയുമാണ്. 15 ശതമാനം വരുന്ന ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ്ടു കഴിയണമെന്നല്ലേ ഈ സാധാരണ നിലയുടെ അര്‍ഥം. കേന്ദ്ര സര്‍ക്കാരാണ് ഇതിന് യഥാര്‍ഥ ഉത്തരവാദി. കലാപത്തിലെ പങ്കാളിത്തത്തിന് മോഡിയുടെ നേരെ ചെറുവിരലനക്കാന്‍ പോലും അവര്‍ തയാറായില്ല. ബി.ജെ.പി സര്‍ക്കാറിന്റെ നിഷ്ക്രിയത്വം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യമോ? വോട്ട് രാഷ്ട്രീയം രാജ്യത്തിന്റെ ബഹുസ്വര മൂല്യങ്ങളെയാണ് തച്ചു തകര്‍ത്തിരിക്കുന്നത്.

6 അഭിപ്രായങ്ങൾ:

 1. തിരൂര്‍ജീ,

  വാര്‍ത്ത ശേഖരിച്ചത് നന്നായി.
  ആശംസകള്‍
  www.tomskonumadam.blogspot.com

  മറുപടിഇല്ലാതാക്കൂ
 2. ഇന്ത്യ ഒരുപക്ഷേ നെടുകെ പിളരുകയാണു..
  വര്‍ഗ്ഗീയ ഫാസിസവും, ദരിദ്രരാക്കപ്പെട്ട്‌ ഭയത്തില്‍ തളച്ചിടപ്പെട്ട വിഭാഗങ്ങളുമായി...

  ബച്ചന്‍ ഒരു മോടലല്ല... താക്കറക്കെതിരെ നാവു പിഴക്കുകയും പിന്നെ കാല്‍ക്കള്‍ വീഴുകയും ചെയ്ത ബച്ചനില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല...

  പണത്തിനുമേല്‍ ഇന്ത്യ എന്താണെന്ന് തിരിച്ചറിവ്‌ നഷ്ടപ്പെട്ട വ്യവസായികളും അപ്പര്‍ മിഡില്‍ ക്ളാസ്‌ വിഭാഗങ്ങള്‍ക്കുമൊന്നും ഭാരതത്തിണ്റ്റെ നാനാത്വവും മതേതരത്വവും കളിതമാശകള്‍ മാത്രമാണു..

  മറുപടിഇല്ലാതാക്കൂ
 3. ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം...ആ നിലപാട് ശരിയാണോ?

  മറുപടിഇല്ലാതാക്കൂ
 4. അടുത്ത പത്മശ്രീ അവാര്‍ഡ്‌ ഈ ബച്ചന് തന്നെ !

  മറുപടിഇല്ലാതാക്കൂ
 5. :)
  മോഡിയെ ഏതെങ്കിലും കാര്യത്തില്‍ ആരെങ്കിലും പിന്തുണച്ചാല്‍ അവരെ മതേതരവിരുദ്ധര്‍ ആയി മുദ്ര കുത്താന്‍ ഇടതു പക്ഷ രാഷ്ട്രീയക്കാരും മുസ്ലീം മത മൌലികവാദികളും കച്ചകെട്ടി നടക്കുന്ന കേരളത്തില്‍ ഈ ലേഖനത്തിന് നല്ല പ്രസക്തി ഉണ്ട്..

  മറുപടിഇല്ലാതാക്കൂ
 6. I really do not know why people are against Modi? And why the media is propagating the negatives on Modi?

  You just go and see the Gujarat prior to Modi's regime, then you can understand the real power of Modi. Whatever the development the present Gujrat is enjoying only because of Modi only.

  He is really a great statesman. A true patriot ever seen by independant India. I wish he to be the Prime Minister of India, so that the present face of India can be changed.

  So, kindly try to accept the good work of a person who is dedicated to the country, rather than attributing unwanted things agains a great man.

  Raghu

  മറുപടിഇല്ലാതാക്കൂ